 മടവീഴ്ചയിൽ കഴുത്തറ്റം മുങ്ങി

ആലപ്പുഴ: കൈനകരി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലുള്ള വലിയതുരുത്ത് പാടശേഖരത്തിനു സമീപത്തുള്ളവരുടെ ദുരിതത്തിന് ഇക്കുറിയും അറുതിയില്ല. എല്ലാ കാലവർഷക്കാലത്തും മടവീഴ്ച പതിവായതിനാൽ കഴുത്തറ്റം വെള്ളത്തിൽ കഴിയാനാണ് ഇവിടത്തെ 257 കുടുംബങ്ങളുടെ വിധി.

ടെറസുണ്ടെങ്കിൽ മുകളിൽ കയറി ദിവസങ്ങൾ കഴിയുക, അല്ലെങ്കിൽ വെള്ളമിറങ്ങുന്നതുവരെ മറ്റെവിടേക്കെങ്കിലും മാറുക, അതാണ് വിധി. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഹൗസ് ബോട്ടുകൾ വിശ്രമത്തിലായതിനാൽ നല്ലൊരു പങ്ക് ആൾക്കാർ താമസം ആറ്റു തീരത്ത് കെട്ടിയിട്ടിട്ടുള്ള ഹൗസ്ബോട്ടുകളിലാക്കി. കുറഞ്ഞ വാടകയ്ക്കാണ് ഹൗസ്ബോട്ടുടമകൾ സൗകര്യം നൽകുന്നത്.

പാടശേഖര സമിതിയുടെയും ഇവിടത്തെ കർഷകരുടെയും നേതൃത്വത്തിൽ ഇക്കുറി ദുരിതക്കെടുതി നേരിടാൻ സംയുക്ത സംരക്ഷണ സമിതി രൂപീകരിച്ചിരിക്കുകയാണ്. പാടശേഖര പരിധിക്കുള്ളിൽ താമസിക്കുന്ന ഓരോ കുടുംബത്തിൽ നിന്നും 1500 രൂപ വീതമാണ് സമാഹരിക്കുന്നത്. മൂന്ന് ലക്ഷത്തോളം രൂപ ഇതിനകം പിരിഞ്ഞുകിട്ടി. മടകുത്തിയ ശേഷം വെള്ളമൊഴുക്കി വിടുന്നതുവരെ ഇവിടെ താമസം അസാദ്ധ്യമാവും. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന പൊതുയോഗത്തിലാണ് തുക സമാഹരിക്കാൻ തീരുമാനിച്ചത്.

 തുടർക്കഥയായി മടവീഴ്ച

102 ഏക്കർ നെൽകൃഷിയും 30 ഏക്കറോളം കരകൃഷിയുമാണ് വലിയതുരുത്ത് പാടശേഖരത്തിലുള്ളത്. 3350 മീറ്റർ ചുറ്റളവിലാണ് പറംബണ്ട്. കുട്ടനാട്ടിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് വലിയതുരുത്ത്. എല്ലാ കാലവർഷത്തിലും മടവീഴ്ച പതിവ്. കൃഷിവകുപ്പ് അനുവദിക്കുന്ന പണം ഉപയോഗിച്ചാണ് മടകുത്തുന്നത്. കഴിഞ്ഞ വർഷം ബണ്ട് ബലപ്പെടുത്തിയ ഇനത്തിൽ അഞ്ചുലക്ഷം രൂപ പാടശേഖര സമിതികൾക്ക് കിട്ടാനുണ്ട്. 2018ലെ പ്രളയകാലത്ത് ബണ്ട് തകർന്നപ്പോൾ സന്ദർശിച്ച അന്നത്തെ കളക്ടർ സുഹാസ് സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറംബണ്ട് ശാസ്ത്രീയമായ രീതിയിൽ ബലപ്പെടുത്തി കെട്ടാൻ അഞ്ചുകോടി അനുവദിച്ചിരുന്നു. ടെൻഡർ ചെയ്തെങ്കിലും കരാറെടുക്കാൻ ആരുമെത്തിയില്ല. ഗതാഗത സൗകര്യത്തിന്റെ കുറവാണ് കാരണം. ഒടുവിൽ ഒരു കരാറുകാരൻ നിർമ്മാണ ചുമതല ഏറ്റെടുത്തു. പാറ കൊണ്ടുവന്നെങ്കിലും പണി തുടങ്ങും മുമ്പ് കാലവർഷമെത്തി. ഇനി വെള്ളമിറങ്ങാതെ പണി തുടങ്ങാനുമാവില്ല.