ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് 84-ാം പിറന്നാൾ. ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിലാണ് ജനനം. ഇംഗ്ളീഷ് വർഷ കണക്കെടുപ്പിൽ ജനനത്തീയതി 1937 സെപ്തംബർ പത്ത്. പിറന്നാൾ നക്ഷത്ര ദിനത്തിൽ ആഘോഷങ്ങൾ ഉണ്ടാവാറില്ല. കണിച്ചുകുളങ്ങരയിലെ വീട്ടുമുറ്റത്ത് ഒരുക്കുന്ന പ്രത്യേക പന്തലിൽ പൂജാചടങ്ങുകൾ മാത്രം. ഞായറാഴ്ച പുലർച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ തുടങ്ങി. വെള്ളാപ്പള്ളി നടേശന് പുറമെ പത്നി പ്രീതി നടേശൻ, മകനും യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി, മകൾ വന്ദന, മരുമകൻ ശ്രീകുമാർ എന്നിവരും പൂജാചടങ്ങുകളിൽ പങ്കുകൊണ്ടു. ഇന്നലെ രാവിലെ തുടങ്ങിയ ചടങ്ങുകളുടെ ആദ്യഘട്ടം ഉച്ചയ്ക്ക് 12 മണിയോടെ അവസാനിച്ചു. പിന്നാലെ സംഘടനാ കാര്യങ്ങളിൽ വെള്ളാപ്പള്ളി വ്യാപൃതനായി. ആദ്യം എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് യോഗം. അതു കഴിഞ്ഞ് ശങ്കേഴ്സ് ഹോസ്പിറ്റൽ ഗവേണിംഗ് ബോഡി യോഗം. പിന്നെ ചേർത്തല യൂണിയനുമായി ബന്ധപ്പെട്ട യോഗം. സന്ധ്യയോടെ പൂജകൾ വീണ്ടും തുടങ്ങി. ആലപ്പുഴ ചുങ്കം സ്വദേശി നാഗേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകൾ ഇന്നുച്ചയോടെ സമാപിക്കും. ജന്മദിനമായ സെപ്തംബർ 10നാണ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവർ പിറന്നാൾ ആശംസയുമായി എത്താറുള്ളത്.