മഴവെള്ളം എല്ലാം ഒഴുകിപ്പോയി;
കുടിവെള്ളം ഇല്ലാതെ നഗരവാസികൾ
ആലപ്പുഴ: ശക്തമായ മഴയും വെള്ളപ്പൊക്കവും വന്നു പോയിട്ട് കഷ്ടിച്ച് രണ്ടാഴ്ച്ചയേ ആകുന്നുള്ളൂ. കഴിഞ്ഞ ആറ് ദിവസങ്ങളായി നഗരവാസികൾ ശുദ്ധജലത്തിനായുള്ള നെട്ടോട്ടത്തിലാണ്. കുടിവെള്ള പൈപ്പിലെ ചോർച്ച എന്ന തീരാ തലവേദന വർഷങ്ങളായി അലട്ടുകയാണ്. ദിവസങ്ങളോളം ആർത്തലച്ച് പെയ്ത മഴയിൽ പാഴാക്കി കളഞ്ഞ വെള്ളം ശേഖരിച്ച് വച്ചിരുന്നെങ്കിൽ ഇന്ന് എത്രത്തോളം ഉപകാരപ്രദമാകുമായിരുന്നു എന്ന് തിരിച്ചറിയുകയാണ് നഗരവാസികൾ.
കിണറും കുഴൽക്കിണറുമുള്ള വീടുകളിൽ അത്യാവശ്യം കാര്യങ്ങൾക്കുള്ള ജലം ലഭിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം വീടുകളിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ല. ധാരാളം തോടുകളുണ്ടെങ്കിലും എല്ലാം മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലാണ്. പുതുതായി നിർമ്മിക്കുന്ന എല്ലാ കെട്ടിടങ്ങൾക്കും മഴവെള്ള സംഭരണി വേണമെന്ന് കഴിഞ്ഞ വർഷം കെട്ടിട നിർമ്മാണ ചട്ടം വന്നെങ്കിലും നടപ്പിലാക്കാൻ ആരും മെനക്കെടുന്നില്ല. വീടുകളാണെങ്കിൽ ഒരു ചതുരശ്രമീറ്ററിന് 25 ലിറ്ററും വാണിജ്യകെട്ടിടമാണെങ്കിൽ 50 ലിറ്ററും ശേഷിയുള്ള മഴവെള്ള സംഭരണി വേണമെന്നാണ് ചട്ടം.
മഴവെള്ള സംഭരണി പ്രവർത്തനം
ടെറസ്/ മേൽക്കൂര വൃത്തിയാക്കി പതിക്കുന്ന വെള്ളം പാത്തികളിലൂടെ ടാങ്കിലെത്തിക്കണം. ആദ്യത്തെ രണ്ടോ മൂന്നോ മഴയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിയ ശേഷമായിരിക്കണം സംഭരണിയിലേക്ക് വിടുന്നത്. ഫെറോ സിമെന്റ് കൊണ്ട് ഭൂമിക്ക് അടിയിലോ മുകളിലോ സംഭരണി നിർമിക്കാം. ചിരട്ടക്കരി, മണൽ, ചരൽ, മെറ്റൽ എന്നിവ കൊണ്ടുള്ള അരിപ്പയിലൂടെ അരിച്ചാണ് വെള്ളം സംഭരണിയ്ക്ക് അകത്തേക്ക് വിടുക. 10000 മുതൽ 50000 വരെ ലിറ്ററിന്റെ സംഭരണികളാണ് വീടുകളിൽ സ്ഥാപിക്കാറുള്ളത്. ചെറിയ വീടും കുറഞ്ഞ സ്ഥലവും ഉള്ളവർക്കും സംഭരണി പണിയാം. കാർപോർച്ചിന് അടിയിൽ പോലും നിർമിക്കാം. ഒരുവർഷത്തോളം വെള്ളം കേടുകൂടാതിരിക്കും.
........................
മഴ സമയത്ത് ടെറസിൽ നിന്ന് ആയിരക്കണക്കിന് ലിറ്റർ ജലമാണ് താഴേയ്ക്ക് പതിച്ചിരുന്നത്. കിട്ടിയ പാത്രങ്ങളിലെല്ലാം മഴവെള്ളം നിറച്ചുവച്ചിരുന്നു. അതിപ്പോൾ ഉപകാരമായി. അടുത്ത മഴയ്ക്കു മുന്നേ ഒരു മഴ വെള്ള സംഭരണി പണിയുകയാണ് ലക്ഷ്യം.
സോമദാസ്, ആലപ്പുഴ നിവാസി
......................
സംഭരണികൾ രണ്ടുവിധം
ഫെറോ സിമെന്റ് ഉപയോഗിച്ച് നിർമിക്കുന്ന ടാങ്കുകൾ
ചെറിയ കുഴികളിൽ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചുള്ള ടാങ്കുകൾ
..........................
കുടിവെള്ള പ്രശ്നങ്ങൾ
നഗരത്തിൽ ടാങ്കറുകളിൽ ജലവിതരണം നടക്കുന്നുണ്ടെങ്കിലും, കുടുംബങ്ങൾക്ക് ആവശ്യത്തിനുള്ള ജലം ലഭിക്കുന്നില്ലെന്ന് പരാതി
ആർ. ഒ പ്ലാന്റുകളിൽ നിന്ന് ഒരാൾക്ക് ശേഖരിക്കാവുന്നത് പരമാവധി 10 ലിറ്റർ ജലം മാത്രം
സ്വകാര്യ ശുദ്ധജലവിതരണ ഏജൻസികളിൽ നിന്ന് ലിറ്ററിന് ഒരു രൂപ നിരക്കിൽ ജലം ലഭിക്കും