ആലപ്പുഴ: മലയാള സിനിമാ ചരിത്രത്തിൽ 1970-80 കാലഘട്ടങ്ങളിൽ തിളങ്ങിനിന്ന സംവിധായകൻ എ.ബി.രാജിന്റെ വേർപാടിൽ ആലപ്പുഴയ്ക്കുമുണ്ട് വല്ലാത്ത ദുഃഖം. വളർന്നതും പഠിച്ചതും മദ്രാസിലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേരുകൾ ആലപ്പുഴ നഗരത്തിലെ ഡെച്ച് സ്ക്വയറിന് സമീപമായിരുന്നു. ഡോക്ടറായ അമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളിലായിരുന്നു രാജിന്റെ ജീവിതം.
പ്രതിദ്ധ്വനി എന്ന പേരിൽ രചിച്ച തിരക്കഥയുടെ ചിത്രീകരണത്തിനിടയിലാണ് ആലപ്പി ഷെരീഫ് എ.ബി.രാജിനുവേണ്ടി 'കളിപ്പാവ' എന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്. അനശ്വര നടൻ സത്യനും സംവിധായിക കൂടിയായ നടി വിജയ നിർമ്മലയുമായിരുന്നു പ്രധാന അഭിനേതാക്കൾ. പന്തിയിൽ നടരാജൻ ആണ് ചിത്രം നിർമ്മിച്ചത്.ചിത്രം നല്ല വിജയമായി.ഷെറീഫും തിരക്കിലേക്കായി.
പിൽക്കാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കൂട്ടുകെട്ടുകളായിരുന്നു ആലപ്പി ഷെറീഫ് -ഐ.വി.ശശി ടീം. ഐ.വി.ശശി തുടക്കകാലത്ത് എ.ബി.രാജ് ചിത്രങ്ങളുടെ ഭാഗമായിരുന്നുവെന്നതും ചരിത്രം. മലയാളത്തിലെ ഏറ്റവും തിളക്കമുള്ള നായകനായി പ്രേംനസീർ തിളങ്ങി നിൽക്കുന്ന കാലത്ത്, വില്ലനായി പ്രേക്ഷക മനസിനെ മുൾമുനയിൽ നിറുത്തിയ കെ.പി.ഉമ്മറിന് നായകതുല്യമായ വേഷങ്ങൾ നൽകാനും എ.ബി.രാജ് തയ്യാറായി. അക്കാലത്തെ രണ്ടാംനിര നായകരായിരുന്ന വിൻസെന്റ്, രാഘവൻ തുടങ്ങിയവരെ നായകരാക്കി ചിത്രങ്ങൾ സംവിധാനം ചെയ്ത് ഹിറ്റാക്കാനും എ.ബി.രാജിന് കഴിഞ്ഞു.
ആലപ്പുഴയുമായി പൊക്കിൾക്കൊടി ബന്ധമുള്ളപ്പോഴും ആലപ്പുഴയുടെ പശ്ചാത്തലത്തിൽ അദ്ദേഹം സംവിധാനം ചെയ്തത് ഒരു ചിത്രം മാത്രമാണ്. 1970-ൽ റിലീസായ 'ലോട്ടറി ടിക്കറ്റ്'. പിൽക്കാലത്ത് മലയാളത്തിലെ വലിയ ആക്ഷൻ നടനായി മാറിയ ജയനും എ.ബി.രാജ് ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്.