s

ആലപ്പുഴ:കടൽക്ഷോഭത്തിൽ ജീവനോപാധി നഷ്ടപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഫിഷറീസ് വകുപ്പ് വഴി പ്രഖ്യാപിച്ച 2000 രൂപയുടെ ധനസഹായവിതരണം ജില്ലയിൽ അവസാന ഘട്ടത്തിലേക്ക് . കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് പുറമേ അനുബന്ധ തൊഴിലാളികൾക്ക് 1000 രൂപയുടെ ധനസഹായവും നൽകുന്നു. ഓണത്തിന് മുമ്പ് വിതരണം പൂർത്തിയാക്കാനാണ് ശ്രമം. ഫിഷറീസ് വകുപ്പിന്റെ വെബ്‌സൈ​റ്റിൽ രജിസ്​റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്കാണ് ധനസഹായം ലഭിക്കുന്നത്. ആനുകൂല്യം ഇതുവരെ ലഭ്യമാകാത്ത യഥാർത്ഥ മത്സ്യത്തൊഴിലാളികളെ മത്സ്യ ഭവനുകൾ മുഖേന കണ്ടെത്തി ആനുകൂല്യത്തിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്.

ഫിഷറീസ് വകുപ്പിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതി വഴിയുള്ള ധനസഹായവും മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ജില്ലയിൽ ആകെ 34,334 തീരദേശ മത്സ്യത്തൊഴിലാളികൾക്കും 7,250 ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും തുക ലഭ്യമാക്കി.

മത്സ്യത്തൊഴിലാളികൾക്കുള്ള കി​റ്റ് വിതരണവും പുരോഗമിക്കുന്നു.കി​റ്റ് ഇതുവരെ ലഭിക്കാത്ത ഗുണഭോക്താക്കളെ കണ്ടെത്തി അവർക്കും ഓണത്തിന് മുമ്പ് ലഭ്യമാക്കാൻ ഫിഷറീസ് വകുപ്പ് നടപടി എടുത്തിട്ടുണ്ട്. കി​റ്റ് ഇതുവരെ ലഭിക്കാത്തവരുടെ രണ്ടാം ഘട്ട ലിസ്​റ്റ് ഉടൻ വകുപ്പ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതർക്ക് കൈമാറുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.