ആലപ്പുഴ: കൊവിഡ് ബാധിച്ച് ജില്ലയിൽ ഇന്നലെ മൂന്നു പേർ മരിച്ചു. ഇതോടെ ആലപ്പുഴയിലെ കൊവിഡ് മരണം 15 ആയി. ആലപ്പുഴ ഇർഷാദ് പള്ളിക്ക് സമീപം ഫമീനാ മൻസിലിൽ ഷാഹുൽ ഹമീദിന്റെയും പരേതയായ തങ്കമ്മയുടെയും മകൾ കളർകോട് സനാതനം സുരേന്ദ്രപുരം ദാറുൽ റഹ്മയിൽ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ ഫമീന (40), പുന്നപ്ര വടക്ക് പുത്തൻവെളിയിൽ രാജൻ (78), ചേർത്തല നഗരസഭ എട്ടാം വാർഡിൽ തകിടിവെളിയിൽ ലീല (77) എന്നിവരാണ് മരിച്ചത്. മൂവരും ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹം, വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന ഫമീന ഞായറാഴ്ച്ച രാത്രിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ കഴിഞ്ഞ 21നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കുഴഞ്ഞു വീണതിനെത്തുടർന്ന് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹൃദ്രോഗി കൂടിയായ രാജൻ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ആശുപത്രിയിലെ ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാചക തൊഴിലാളിയായിരുന്നു രാജൻ. കഴിഞ്ഞ 8നാണ് വീട്ടിൽ കുഴഞ്ഞുവീണത്. തുടർന്നാണ് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദ്രോഗത്തെ തുടർന്ന് 20 ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 23ന് രാത്രി 11 ഓടെ രാജൻ മരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിൽ പരിചരിച്ച ഭാര്യയ്ക്കും മകനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ചാത്തനാട്ടെ പൊതു ശ്മശാനത്തിൽ ഇന്ന് സംസ്കാരം നടത്തുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ഭാര്യ: പുഷ്പവല്ലി. മക്കൾ: രാജേഷ്,അഭിലാഷ്.
കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി മസ്താൻ പള്ളി കബർസ്ഥാനിൽ ഫമീനയുടെ മൃതദേഹം കബറടക്കി. മക്കൾ: ഫായീസ്, ഇബ്രാഹിം. പ്രമേഹത്തെ തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡി. ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റിയ ഫെമീനാ ഇന്നലെ രാത്രി 12 മണിയോടെ മരണമടയുകയായിരുന്നു. അസുഖ വിവരമറിഞ്ഞ് ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ക്വാറന്റൈനിൽ കഴിയുകയാണ്.