അമ്പലപ്പുഴ : ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം തകർന്ന് പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ തൈപ്പറമ്പിൽ വീട്ടിൽ ജോൺ കുട്ടി , പാല്യത്തയ്യിൽ ആന്റണി എന്നിവർക്ക് പരിക്കേറ്റു. വാടയ്ക്കൽ ലൂർദ്ദ് മാതാ കുരിശടിക്ക് പടിഞ്ഞാറ് തിങ്കളാഴ്ചയായിരുന്നു അപകടം. എട്ടു തൊഴിലാളികൾ പണിയെടുക്കുന്ന വള്ളം മത്സ്യബന്ധനത്തിനു പുറപ്പെടുന്നതിന് തീരത്തുനിന്ന് കടലിലേക്ക് ഇറക്കുമ്പോൾ കൂറ്റൻ തിരമാലയിൽപ്പെട്ടു തകരുകയായിരുന്നു. അപകടത്തിൽ ജോൺ കുട്ടിയുടെ ഇടതു കൈ ഒടിഞ്ഞു. ആന്റണിയുടെ തലക്ക് മുറിവുണ്ട്. ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.