ചിത്രകലാദ്ധ്യാപകനുള്ള ദേശീയ അവാർഡ് ചെന്നിത്തല ജവഹർ നവോദയയിലെ സജികുമാറിന്
ആലപ്പുഴ: ചിത്രകലാദ്ധ്യാപകനുള്ള ദേശീയ അവാർഡ് രണ്ടാം തവണയും തേടിയെത്തുമ്പോൾ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലെ ചിത്രകലാ അദ്ധ്യാപകനായ വി.എസ് സജികുമാറിന് ഇത് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ കലാഅദ്ധ്യയനത്തിനുള്ള അംഗീകാരം.
രാജ്യത്തെ ജവഹർ നവോദയ വിദ്യാലങ്ങളിൽ നിന്ന് ഈ വർഷത്തെ മികച്ച ദേശീയ അദ്ധ്യാപകനുള്ള ദേശീയ അവാർഡാണ് ഇദ്ദേഹം കരസ്ഥമാക്കിയത്.
നവോദയ വിദ്യാലങ്ങളിലെ മുഴുവൻ അദ്ധ്യാപകരോടും മത്സരിച്ചാണ് നവോദയ വിദ്യാലയ സമിതിക്ക് അഭിമാനമായി ഈ ചിത്രകലാദ്ധ്യാപകൻ അവാർഡ് കരസ്ഥമാക്കിയത്. ചിത്രകല, സംഗീതം, ശബ്ദമിശ്രണം, ശിൽപ നിർമ്മാണം തുടങ്ങിയ പാഠ്യേതര പ്രവർത്തങ്ങളിലും സമൂഹത്തിലും ഈ കലാദ്ധ്യാപകൻ നടത്തിയ നിരന്തര ഇടപെടലുകളും പരീക്ഷണങ്ങളും കഠിനാദ്ധ്വാനവുമാണ് ദേശീയ അവാർഡ് നേടാൻ സഹായകമായത്.
ചിത്രകലയിൽ സജികുമാറിന് ഇത് രണ്ടാമത്തെ പ്രസിഡന്റ്സ് അവാർഡ് ആണ്. 2011ൽ നവീന സാങ്കേതിക വിദ്യകളുപയോഗിച്ച് അദ്ധ്യാപന കലയിൽ പുതിയ തലങ്ങളും പഠനതലങ്ങളും പഠന രീതികളും ആവിഷ്കരിച്ച നടപ്പിലാക്കിതിനായിരുന്നു അംഗീകാരം.
ഭാരതത്തിലെ മികച്ച 15 അദ്ധ്യാപകരെപ്പറ്റി ഇന്റെൽ അന്തർദേശീയ തലത്തിൽ ഇറക്കിയ പ്രസിദ്ധീകരണത്തിലെ ആറു പേജുകൾ സജികുമാറിന്റെ ചിത്രകലാ പഠനത്തിലെ നവീനശൈലിയെപ്പറ്റി പറയുന്നു.
പദവികൾ, അംഗീകാരങ്ങൾ
ചിത്രകലയിൽ എൻ.സി. ഇ.ആർ.ടിയിലെ ദക്ഷിണേന്ത്യയിലെ മാസ്റ്റർ ട്രെയിനർ, ചിത്രകലയിലെ നാഷണൽ കരിക്കുലം കമ്മിറ്റിയിലെ 12 പേരടങ്ങിയ കമ്മിറ്റിയിൽ രണ്ട് കലാ അദ്ധ്യാപകരിൽ ഒരാൾ തുടങ്ങിയ പദവികൾ വഹിക്കുന്നു. മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്സിൽ നിന്ന് ചിത്രകലയിൽ പെയിന്റിംഗിൽ ഉപരിപഠനം പൂർത്തിയാക്കി. തുടർന്ന് ജനയുഗം പത്രത്തിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായും ജോലി ചെയ്തു. 1990 മുതൽ ആൻഡമാൻ, മിനിക്കോയി,മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കലാദ്ധ്യാപകനായി ജോലി നോക്കി. ഇപ്പോൾ മാവേലിക്കര ചെന്നിത്തല, ജവാഹർ നവോദയ വിദ്യാലത്തിൽ കലാദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.
കുടുംബം
കൊട്ടാരക്കര വെട്ടിക്കവല ലീനാ നിവാസിൽ ടി.കെ. ശ്രീധരന്റെയും ലീനയുടെയും മകനാണ്. ബിജിയാണ് ഭാര്യ. ശ്രുതി, വിശ്വജിത്ത് എന്നിവർ മക്കളും.
വെട്ടിക്കവല ഗവ. മോഡൽ എച്ച്. എസിലെ ഹെഡ്മാസ്റ്റർ ആയിരുന്ന പിതാവും സംസ്ഥാന അവാർഡ് ജേതാവായിരുന്നു. ഏക സഹോദരി സുജാകുമാരി വി.എസ് സംഗീതാദ്ധ്യാപികയാണ് .
..................................
കലാപഠനത്തെയും കലയെയും ജനകീയമാക്കണം. ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിനാണ് താത്പര്യം. കലാപഠനത്തിലൂടെ സമൂഹ മനസിൽ ശാന്തിയും സമാധാനവും സൃഷ്ടിക്കാനാകും.
വി.എസ് സജികുമാർ
.......................................