പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 11-ാം വാർഡിൽ പണിക്കശേരി - പൂച്ചാക്കൽ ജെട്ടി റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വർഷങ്ങളായി ശോചനീയാവസ്ഥയിൽ കിടന്ന റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് പ്രദേശവാസികൾക്ക് ആഹ്ളാദമായി. 11-ാം വാർഡ് നിവാസികൾ ഏറ്റവുമധികം ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. വാർഡ് മെമ്പർ അഡ്വ.എസ്.രാജേഷിന്റെ നിവേദനത്തെ തുടർന്ന് ഷാനിമോൾ ഉസ്മാൻ എം. എൽ. എയാണ് റോഡ് ടാറിംഗിനാവശ്യമായ 18 ലക്ഷം രൂപ അനുവദിച്ചത്. പ്രളയ ഫണ്ടായി പഞ്ചായത്തിൽ നിന്നും അനുവദിച്ച 2.80 ലക്ഷം രൂപ ഉപയോഗിച്ച് റോഡ് കടന്നു പോകുന്ന അറയ്ക്കൽ പ്രദേശത്ത് കലുങ്ക് നിർമ്മിക്കും. വർക്ക് ടെൻഡർ ചെയ്തു. കലുങ്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തെ വെളളക്കെട്ടിനും പരിഹാരമാകുമെന്നും വാർഡ് മെമ്പർ എസ്.രാജേഷ് പറഞ്ഞു.