ഹരിപ്പാട്: അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഹരിപ്പാട് ഐ.സി.ഡി.എസ് ഓഫീസിന് മുൻപിൽ ധർണ നടത്തി. ജൂലായ് മാസത്തെ ഓണറേറിയം ആഗസ്റ്റ് 24 ആയിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം. കഴിഞ്ഞ മൂന്ന് മാസമായി കൃത്യമായ സമയങ്ങളിൽ ഓണറേറിയം ലഭിക്കുന്നില്ല. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അംഗൻവാടി കെട്ടിടങ്ങളുടെ വാടക യഥാസമയത്ത് കൊടുക്കുവാൻ സാധിക്കുന്നില്ല. പലതിന്റെയും വാടക ഒരു വർഷത്തിലേറെയായി നൽകിയിട്ടുമില്ല. കേരളത്തിലെ എല്ലാ പ്രോജക്റ്റുകളിലും ഓണറേറിയം ലഭിച്ചിട്ടും ഇവിടെ മാത്രം ഓണറേറിയം യഥാസമയങ്ങളിൽ ലഭിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് ധർണയിൽ പങ്കെടുത്തവർ ആരോപിച്ചു. ഏരിയാ സെക്രട്ടറി ഉമയമ്മ രാജൻ ഉദ്ഘാടനം ചെയ്തു. വിനോദിനി, ശ്രീജ, ഗീത, ഷീജ, വിജിത, സൂസൻ, ഷജിന എന്നിവർ സംസാരിച്ചു.