ചേർത്തല: നഗരസഭയുടെ നേതൃത്വത്തിൽ ഗവ. പോളിടെക്‌നിക്കിലുള്ള ഫസ്​റ്റ്‌ലൈൻ ട്രീ​റ്റ്‌മെന്റ് സെന്ററിൽ ഭക്ഷണ വിതരണത്തിൽ ആകെ മാറ്റം.​ മുട്ട, മീൻ എന്നിവ മെനുവിൽ ഉൾപ്പെടുത്തും. ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കൊവിഡ് രോഗികൾ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് നഗരസഭ മുൻകൈയെടുത്ത് മാറ്റം വരുത്തിയത്.

ഗുണനിലവാരമുള്ള ഭക്ഷണം തന്നെയാണ് സെന്ററിൽ വിതരണം ചെയ്തിരുന്നതെന്നും ചില രോഗികൾ ആസൂത്രിതമായുണ്ടാക്കിയതാണ് വിവാദമെന്നും ചെയർമാൻ വി.ടി.ജോസഫ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നഗരസഭ ചെയ്തുവരുന്നത്. ഓൺലൈനായി നടത്തിയ വാർത്താസമ്മേളനത്തിൽ സി.ഡി.ശങ്കർ,ബി.ഭാസി,സി.കെ.ഉണ്ണിക്കൃഷ്ണൻ സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

 ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണമില്ല

താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് നഗരസഭ വകയുള്ള ഭക്ഷണ വിതരണം നിറുത്തി.ദൂരെ സ്ഥലങ്ങളിൽ നിന്നുവരുന്നതും ആശുപത്രിയിൽ തന്നെ തങ്ങുന്നതുമായ ആരോഗ്യ പ്രവർത്തകർക്കാണ് രാവിലെയും വൈകിട്ടുമായി ഭക്ഷണം വിതരണം ചെയ്തിരുന്നത്. ഇവിടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ പ​റ്റിയും ജീവനക്കാർ പരാതി ഉയർത്തിയിരുന്നു. ഭക്ഷണത്തിന്റെ ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.കടകൾ തുറക്കാതിരുന്ന സാഹചര്യത്തിലാണ് ആരോഗ്യ പ്രവർത്തകർക്കു ഭക്ഷണം വിതരണം ചെയ്തിരുന്നതെന്നും അതു മാറിയതിനാലാണ് നിറുത്തുന്നതെന്നും ചെയർമാൻ പറഞ്ഞു.