t

ആലപ്പുഴ: കുട്ടനാട്- അപ്പർകുട്ടനാട് പാടശേഖരങ്ങളിലെ രണ്ടാംകൃഷിയിടങ്ങളിലും കരിനിലങ്ങളിലും ബാക്ടീരിയൽ ഇലകരിച്ചിൽ രോഗം വ്യാപകമാകുന്നു. രോഗാണു വ്യാപനത്തിന് അനുകൂല സാഹചര്യമാണെങ്കിൽ 60 ശതമാനം വരെ വിള നഷ്ടമാകും.

കതിർ ചൊട്ടയെത്തിയ നെൽച്ചെടികളിൽ ഇലകരിച്ചിൽ പടർന്നതോടെ കർഷകർ ആശങ്കയിലാണ്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെയും കൃഷി വകുപ്പിന്റെയും നിർദ്ദേശ പ്രകാരം പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു തുടങ്ങിയെങ്കിലും കാര്യമായ ഗുണമില്ലെന്ന് കർഷകർ പറഞ്ഞു. വിതകഴിഞ്ഞ് 60 മുതൽ 95 ദിവസം വരെ പ്രായമുള്ള നെൽചെടികളിലാണ് രോഗം ബാധിച്ചത്. രണ്ടാം കൃഷി ഇറക്കിയ 31 പാടശേഖരങ്ങളിലെ 80 ശതമാനം ഭാഗത്തും ഇലകരിച്ചിൽ വ്യാപിച്ചു.

ഏക്കറിന് 35,000 രൂപയിലധികം ചെലവഴിച്ചാണ് കൃഷിയിറക്കിയത്. ഇതിനുപുറമേ ചില പാടശേഖരങ്ങളിൽ മുഞ്ഞ രോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലം തെറ്റിയിറക്കിയ കൃഷിയിൽ ആദ്യം ഓരുജലവും ഇപ്പോൾ കീടങ്ങളുടെ ആക്രമണവും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മഴയ്ക്ക് ശേഷം ഉണ്ടാകുന്ന ചൂടും മഞ്ഞും മൂലമാണ് മുഞ്ഞ രോഗം ഉണ്ടാകുന്നത്. ചെടിയുടെ ചുവട്ടിൽ ബാധിക്കുന്ന കീടം നെൽച്ചടിയുടെ നീര് പൂർണ്ണമായും ഊറ്റിക്കുടിക്കും. വായൂസഞ്ചാരം ഉണ്ടായാൽ ഒരു പരിധിവരെ രോഗത്തെ തടയാമെങ്കിലും ഇപ്പോഴത്തെ കാലാവസ്ഥയിൽ രോഗ നിയന്ത്രണത്തിന് കീടനാശിനി ഉപയോഗം തന്നെ വേണ്ടിവരും.

 ലക്ഷണങ്ങൾ


സാന്തോമോണോസ് കാംപെസ്ട്രീസ് എന്ന ബാക്ടീരിയയാണ് രോഗാണു. നല്ല തണുപ്പിലും കനത്ത മഴയ്ക്കും ശേഷമാണ് ചെടികളിൽ രോഗം പ്രകടമാകുന്നത്. രോഗാണു ബാധിച്ച് 7 മുതൽ 15 ദിവസം വരെ കഴിഞ്ഞാണ് ലക്ഷണം കാണുന്നത്. നെല്ലോലകളുടെ ഇരുവശങ്ങളിലൂടെയോ നടുഞരമ്പിൽ കൂടിയോ മുകളിൽ നിന്നു താഴേക്ക് മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിൽ കരിച്ചിൽ ബാധിക്കും. രോഗം തീവ്രമാകുന്നതോടെ ചെടികൾ പൂർണ്ണമായും കരിഞ്ഞുപോകും. പാടത്ത് വെള്ളം കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ഭാഗത്താണ് ആദ്യം രോഗം പ്രകടമാകുന്നത്. ക്രമേണ മറ്റിടങ്ങളിലേക്ക് വ്യാപിക്കും.

# കാരണങ്ങൾ

 രോഗബാധയുള്ള നെൽചെടിയിൽ നിന്ന് ശേഖരിക്കുന്ന വിത്തുകൾ

 വൈക്കോലിന്റെ അവശിഷ്ടങ്ങൾ

 കളകളിലെ ബാക്ടീരിയ, കൊയ്ത്ത് യന്ത്രങ്ങളുടെ ഉപയോഗം

# പ്രതിരോധം

ഒരേക്കറിന് രണ്ട് കിലോഗ്രാം ബ്ളീച്ചിംഗ് പൗഡർ എന്ന തോതിൽ മസ്ളിൻ തുണിയിൽ ചെറുകെട്ടുകളാക്കി വെള്ളം കയറുന്ന ഭാഗങ്ങളിൽ ഇട്ടാൽ വെള്ളത്തിലൂടെയുള്ള വ്യാപനം തടയാം. ജൈവകൃഷിയിടങ്ങളിൽ വേപ്പിൻകുരു സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി ഇമൾഷൻ എന്നിവ രോഗ നിയന്ത്രണത്തിന് ഉപയോഗിക്കാം.

.....................................

ബാക്ടീരിയൽ ഇലകരിച്ചിലിനും മുഞ്ഞയ്ക്കുമെതിരെ രാസകീടനാശിനി ഉപയോഗിക്കുന്നതിന് മുമ്പ് കർഷകർ കൃഷി ഉദ്യോഗസ്ഥരുടെ സഹായം തേടണം. അശാസ്ത്രീയമായ രാസകീടനാശിനിയുടെ ഉപയോഗം പ്രതികൂലമായി ബാധിക്കും

(ബി. സ്മിത, അസി.ഡയറക്ടർ, കീടനിരീക്ഷണ കേന്ദ്രം, മങ്കൊമ്പ്)