ആലപ്പുഴ: മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പിതാവ് അറസ്റ്റിൽ. ആലപ്പുഴ പാലസ് വാർഡ് ചിറയിൽ വീട്ടിൽ വിനോദ് (36) ആണ് മരിച്ചത്. മദ്യലഹരിയിൽ വിനോദ് ബഹളം വയ്ക്കുന്നത് പുറത്തു കേൾക്കാതിരിക്കാൻ പിതാവ് വിഷ്ണു വായ പൊത്തിപ്പിടിച്ചപ്പോൾ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 12ന് പുലർച്ചെയോടെയാണ് വിനോദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് ബഹളമുണ്ടായത്. ഇവർ പഴവീട് ഭാഗത്തെ വാടകവീട്ടിലാണ് താമസം. വിനോദ് വീട്ടിൽ കൂവുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. വീട്ടിൽ ഇത്തരത്തിലുണ്ടായ ബഹളങ്ങളെത്തുടർന്ന് ഇവർക്ക് വാടകവീടുകൾ മാറേണ്ടി വന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശ്വാസം മുട്ടിയുള്ള മരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നായിരുന്നു സൗത്ത് പൊലീസ് അന്വേഷണം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.