ആലപ്പുഴ: 84-ാം ജന്മദിനത്തിൽ പ്രത്യേക പൂജകൾക്കുശേഷം, പിറന്നാൾ കേക്ക് മുറിക്കുമ്പോഴാണ് അഭിമാനവും സന്തോഷവും പകരുന്ന ഒരു സന്ദേശം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തേടിയെത്തിയത്. എസ്.എൻ ട്രസ്റ്രുമായി ബന്ധപ്പെട്ട വിവിധങ്ങളായ 105 കേസുകൾ ഹൈക്കോടതി ഒരേസമയം തള്ളി.
ട്രസ്റ്റിന്റെ നിയമോപദേശകൻ അഡ്വ.എ.എൻ. രാജൻബാബുവാണ് വെള്ളാപ്പള്ളിയെ വിവരം ഫോണിൽ അറിയിച്ചത്. രാവിലെ തുടങ്ങിയ പൂജകളും ഹോമവും കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേക്ക് മുറിക്കൽ. തൊട്ടു പിന്നാലെ പിറന്നാൾ സമ്മാനം പോലെ ഫോൺകാളും. എസ്.എൻ ട്രസ്റ്രിന് റിസീവർ ഭരണം ആവശ്യപ്പെടുന്നതുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുണ്ടായ കേസുകളാണ് കോടതി ഒന്നിച്ചു തീർപ്പാക്കിയത്. അത് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയെന്ന നിലയിൽ വെള്ളാപ്പള്ളിക്ക് കിട്ടിയ വലിയ അംഗീകാരവുമായി.
'ഗുരുദേവന്റെ കൃപാകടാക്ഷമാണ് പിറന്നാൾ ദിനത്തിൽ എത്തിയ കോടതി ഉത്തരവ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, എസ്.എൻ ട്രസ്റ്രിനും എസ്.എൻ.ഡി.പി യോഗത്തിനുമെതിരെ ഒരുകൂട്ടം ആൾക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു കേസുകൾ. ഇക്കൂട്ടർ ജനകീയ വിചാരണയ്ക്ക് വിധേയരാവുകയാണ് വേണ്ടത്'- വെള്ളാപ്പള്ളി പറഞ്ഞു.