t

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള 9 ജീവനക്കാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയിൽ കൊവിഡ് സ്ഥീരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 22 ആയി.

2 പി.ജി ഡോക്ടർമാർ, 3 നഴ്സുമാർ 4 ഡയാലിസിസ് ടെക്നീഷ്യന്മാർ എന്നിവർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. ഡയാലിസിസ് യൂണിറ്റിലെത്തിയ ഒരു രോഗി, സ്ട്രോക്ക് തീവ്രപരിചരണ വിഭാഗത്തിലെത്തിയ രോഗി എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ആരോഗ്യ പ്രവർത്തകർക്ക് രോഗം പകർന്നത്. ഇവർ നിരീക്ഷണത്തിലിരിക്കെ ഇന്നലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾ കണ്ടെയിൻമെൻറ്റ് സോണിൽ നിന്നാണോ വരുന്നത്, രോഗലക്ഷണമുണ്ടോ എന്നു പരിശോധിക്കണമെന്നും ഉണ്ടെങ്കിൽ ഇവരെ കൊവിഡ് ഒ.പി യിൽ പരിശോധനയ്ക്കായി നിർദ്ദേശിക്കണമെന്നുമുള്ള സൂപ്രണ്ടിൻ്റെ ഉത്തരവ് അത്യാഹിത വിഭാഗത്തിലെ പല ഡോക്ടർമാരും പാലിക്കാത്തതാണ് രോഗം വ്യാപകമാക്കുന്നതെന്ന് മറ്റ് ജീവനക്കാർ ആരോപിക്കുന്നു.

ആവശ്യത്തിന് പി.പി.ഇ കിറ്റും, എൻ 95 മാസ്കുകളും ലഭിക്കുന്നില്ലെന്ന പരാതിയും ജീവനക്കാർക്കുണ്ട്. അത്യാഹിത വിഭാഗത്തിൽ കർശന പരിശോധന വേണമെന്നും ജീവനക്കാർ പറയുന്നു.