ബസ് ഓൺ ഡിമാൻഡ് പദ്ധതി നിലച്ചു
ആലപ്പുഴ: സർക്കാർ ഉദ്യോഗസ്ഥരെയും സ്വകാര്യ മേഖലയിലും മറ്റും സ്ഥിരമായി ജോലിക്ക് പോകുന്നവരെയും ഉദ്ദേശിച്ച് കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിലാരംഭിച്ച ബസ് ഓൺ ഡിമാൻഡ് പദ്ധതി തുടക്കത്തിലേ പരാജയപ്പെട്ടു. ബോണ്ട് പദ്ധതിയിൽ അംഗങ്ങളായി സർവീസ് നടത്താനുള്ള രജിസ്ട്രേഷന് ജില്ലയിലെ വിവിധ ഡിപ്പോകളിൽ തുടക്കമിട്ടെങ്കിലും, യാത്രക്കാരിൽ നിന്ന് കാര്യമായ പ്രതികരണം ലഭിച്ചില്ല. സാമൂഹിക അകലം പാലിക്കാനും, കഴിവതും പൊതുഗതാഗതം ഉപയോഗിക്കാതിരിക്കാനും ജനം ശ്രമിക്കുന്ന സമയത്ത് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതാണ് പരാജയ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. യാത്രക്കാരുടെ ആവശ്യമനുസരിച്ച് വണ്ടികൾ ഓടിക്കുന്ന പദ്ധതിയായിരുന്നു ബോണ്ട്. ബസിൽ സീറ്റ് ഉറപ്പായും ലഭിക്കുമെന്നതായിരുന്നു പ്രധാന ഗുണം. കൂടാതെ യാത്രക്കാർക്ക് സ്വകാര്യ വാഹനങ്ങൾ ഡിപ്പോയിൽ തന്നെ സൗജന്യമായി പാർക്ക് ചെയ്യാനും സൗകര്യം ഒരുക്കുമായിരുന്നു. അവരവരുടെ ഓഫീസിന് തൊട്ടുമുന്നിൽ ഇറങ്ങാനും അവിടെ നിന്ന് തന്നെ ബസ് കയറാനും ബസ് ഓൺ ഡിമാൻഡിൽ സാധിക്കുമായിരുന്നു.
ജില്ലയിൽ ആദ്യമായി ബോണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചത് എടത്വ ഡിപ്പോയിലാണ്. തൊട്ടുപിന്നാലെ ആലപ്പുഴ, ചേർത്തല ഡിപ്പോകളിലും രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിരുന്നു. ആദ്യം അംഗമാകുന്ന 100 യാത്രക്കാർക്ക് സർവീസുകളിൽ 10, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രയ്ക്കുള്ള സീസൺ ടിക്കറ്റുകൾ ഡിസ്കൗണ്ടോടു കൂടി സ്വന്തമാക്കാൻ സാധിക്കുന്നതായിരുന്നു പദ്ധതി. കൊവിഡിന്റെ വലിയ തോതിലുള്ള വ്യാപനവും, വിവിധ ഡിപ്പോകൾ കണ്ടെയ്ൻമെന്റ് സോണുകളിലായതും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.
വളരെ പ്രയോജനകരം ബോണ്ട്
യാത്രക്കാരുടെ ആവശ്യമനുസരിച്ച് വണ്ടികൾ ഓടിക്കുന്ന പദ്ധതി
യാത്രക്കാർക്ക് സ്വന്തം വാഹനങ്ങൾ ഡിപ്പോയിൽ പാർക്ക് ചെയ്യാൻ സൗകര്യം
സ്വന്തം ഓഫീസിന് തൊട്ടു മുന്നിൽ ഇറങ്ങാം
അവിടെ നിന്ന് തന്നെ ബസ് കയറാനും കഴിയും
ആദ്യം അംഗമാകുന്ന 100 യാത്രക്കാർക്ക് സീസൺ ടിക്കറ്റ്
.................................
തുടക്കം കുറിച്ചത് എടത്വ ഡിപ്പോയിൽ
.................................