കായംകുളം: കായംകുളത്തെ സിയാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എരുവ കോയിക്കപ്പട്ടിയിലെ അക്രമ കേസിൽ അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു. എരുവ ലൈല മൻസിലിൽ അൻവർ ഷാ (23), എരുവ സ്വദേശി അബുമോൻ (24), മാർക്കറ്റിന് സമീപം ഷാമോൻ (25), അബ്ദുൽ റഹ്മാൻ (25) എന്നിവരെയാണ് കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കേസിൽ ഉൾപ്പെട്ട തക്കാളി ആഷിക്കിനെ പിടികൂടാനായില്ല.
കൊല്ലപ്പെട്ട സിയാദിന്റെ സുഹൃത്തുക്കളായ എരുവ കോയിക്കപ്പടി തുണ്ടിൽ റജീഷ് (34), പനമ്പള്ളി ഷഹീർ (32) എന്നിവരെ അക്രമിച്ച കേസിലാണ് നടപടി. സിയാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ എരുവ സക്കീന മൻസിലിൽ വെറ്റ മുജീബ് (39), വിളക്ക് ഷെഫീക്ക് എന്നിവരും എരുവ ചെറുകാവിൽ വിഠോബ ഫൈസലും (32) കേസിലെ മുഖ്യപ്രതികളാണ്. കഴിഞ്ഞ 18 ന് രാത്രി പത്ത് മണിയോടെ ഫയർ സ്റ്റേഷന് സമീപം വച്ചാണ് സിയാദ് കൊല്ലപ്പെട്ടത്. വെറ്റ മുജീബിനെയും വിളക്ക് ഷഫീഖിനെയും കസ്റ്റഡിയിൽ കിട്ടാൻ ഇന്നു കോടതിയെ സമീപിക്കുമെന്ന് പൊലീസ് പറഞ്ഞു.