t

ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജിയിൽ പരിശോധനയ്ക്കെത്തിക്കുന്ന സാമ്പിളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ഇതോടെ പരിശോധനയ്ക്കായി മറ്റ് കേന്ദ്രങ്ങളെ കൂടി ആശ്രയിക്കുകയാണ് ആരോഗ്യ വകുപ്പ്.

ആലപ്പുഴ മെഡി. ആശുപത്രിയിലെ മൈക്രോ ബയോളജി ലാബിലേക്ക് കൂടി സാമ്പിളുകൾ പരിശോധനയ്ക്ക് നൽകിയാണ് നിലവിൽ ഫലം അറിയുന്നത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലേക്കും സാമ്പിളുകൾ കൈമാറേണ്ടി വന്നു. ഇതോടെ സ്രവ പരിശോധനാ ഫലം വൈകുകയാണ്. സംസ്ഥാനത്ത് തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവുമധികം സാമ്പിളുകൾ പരിശോധിക്കുന്ന കേന്ദ്രമാണ് ആലപ്പുഴ എൻ.ഐ.വി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മാനദണ്ഡപ്രകാരം ബി.എസ്.എൽ 4 (ബയോ സേഫ്റ്റി ലെവൽ 4) ലബോറട്ടറികളിലാണ് നോവൽ കൊറോണ വൈറസ് അടക്കമുള്ളവയുടെ പരിശോധന നടത്തേണ്ടത്. അപകടകരമായ ജനിതക വസ്തുക്കളെ കൈകാര്യം ചെയ്യേണ്ട സുരക്ഷാ നിലവാരമാണിത്. ഇതേ നിലവാരത്തിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിന്റെ പ്രവർത്തനം.

 പ്രവർത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിൽ

15 പേർ വീതമുള്ള ഷിഫ്റ്റായാണ് ലാബ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് സാമ്പിളുകൾ ഓരോ ദിവസവും പരിശോധനയ്ക്കെത്തുന്നുണ്ട്. താങ്ങാവുന്നതിലധികം സാമ്പിളുകൾ എത്തിയതോടെയാണ് ഇവ മറ്റ് ലാബുകളിലേക്ക് കൂടി കൈമാറേണ്ടിവന്നത്. ഇത് പരിശോധനാ ഫലം ലഭിക്കാൻ കാലതാമസം വരുത്തുന്നു. സാങ്കേതിക സംവിധാനങ്ങളിൽ പോരായ്മയുള്ള മറ്റ് കേന്ദ്രങ്ങളിലേക്ക് സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുന്നത് ഫലത്തിന്റെ കൃത്യതയെ ബാധിക്കുമോ എന്നും ആശങ്കയുമുണ്ട്.

..................

 കൊവിഡ് പരിശോധന തുടങ്ങിയത് ഫെബ്രുവരി ആദ്യവാരം

 ദിവസേന 1000ത്തിലധികം സാമ്പിളുകൾ

 ലാബിൽ പ്രവർത്തിക്കുന്നത് 30 അംഗ സംഘം