ചാരുംമൂട് : നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ 110 അന്തേവാസികൾക്കായി നടത്തിയ കൊവിഡ് ആർ.റ്റി.പി.സി.ആർ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ് , നൂറനാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് ഇന്നലെ 93 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ 92 പേരുടെയും ഫലവും നെഗറ്റീവാണ്. സാനിട്ടോറിയം ഒ.പി പ്രവർത്തനം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ നൂറനാട് പഞ്ചായത്തിൽ രോഗബാധയുണ്ടായ ആളുകളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരേയും, ക്വാറന്റയിനിലുള്ളവരേയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. കാശ്മീരിൽ നിന്നും അവധിയ്ക്ക് നാട്ടിലെത്തി ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന സൈനികനാണ് രോഗം സ്ഥീരീകരിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ പാറ്റൂരിൽ കൊവിഡ്‌ മരണവും , സമ്പർക്ക രോഗവും സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക വർദ്ധിച്ചിരുന്നു. ഇവിടുത്തെ 2,3 വാർഡുകൾ പൂർണ്ണമായും നാലാം വാർഡ് ഭാഗികമായും കണ്ടൈൻമെന്റ് സോണുകളായി തുടരുകയാണ്. സാനിട്ടോറിയം അന്തേവാസിയായ സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രവർത്തനം നിർത്തി വെച്ചിരുന്ന സാനിട്ടോറിയം ആശുപത്രിയിലെ ഒ.പി വിഭാഗം ചൊവ്വാഴ്ച മുതലാണ് പ്രവർത്തനം പുനരാരംഭിച്ചത്.