കായംകുളം : ഹോട്ടലുടമ സ്ഥലം കൈയ്യേറിയതായുള്ള പരാതി അന്വേഷിക്കാൻ എത്തിയ പത്തിയൂർ ഗ്രാമപഞ്ചായത്ത് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തെന്നു പരാതി. തുടർന്ന് ജീവനക്കാർ പണിമുടക്കിയെങ്കിലും സി.പി.എം ഇടപെട്ട് പ്രശ്നം ഒത്തു തീർപ്പിലാക്കി.
ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഹോട്ടലിലാണ് സൂപ്രണ്ട് രാജഗോപാൽ പരാതി അന്വേഷിക്കാൻ എത്തിയത്. പഴയ പഞ്ചായത്ത് ഓഫീസിലേക്കുള്ള വഴി കയ്യേറിയതായും ഹോട്ടലിന് പിന്നിലുള്ള പഴയ ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഓഫീസിൽ നിന്നു അനധികൃതമായി ഹോട്ടലിലേക്ക് വെള്ളം ശേഖരിക്കുന്നു എന്നുമായിരുന്നു പരാതി. ഉദ്യോഗസ്ഥനും കട ഉടമയുമായി വാക്ക് തർക്കമുണ്ടാവുകയും ഒടുവിൽ കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.