ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സർക്കാർ ഓഫീസുകളിലേക്ക് ആയിരം സാനി മാറ്റുകൾ വാങ്ങി വിതരണം ചെയ്യാനുള്ള പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വലിയൊരു സന്ദേശം നൽകിയതായി മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് പറഞ്ഞു. കയർ കോർപ്പറേഷൻ അങ്കണത്തിൽ കരാർപ്രകാരമുള്ള 1000 സാനിമാറ്റ് ജില്ലാ പഞ്ചായത്തിന് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സാനി മാറ്റിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തോടൊപ്പം പരമ്പരാഗത തൊഴിലാളികൾക്കും ആശ്വാസം ലഭിക്കും. കണ്ടെയ്ൻമെൻറ് സോണിലും മറ്റും ഉള്ളവർക്ക് സാനിമാറ്റ് ഏറെ പ്രയോജനപ്പെടും. പുറത്തു പോയി തിരിച്ചെത്തുമ്പോൾ സാനിട്ടൈസർ ഉള്ള ട്രേയിൽ വച്ചിരിക്കുന്ന മാറ്റ് വഴി കാൽ വൃത്തിയായി തുടച്ച ശേഷം വീട്ടിലേക്ക് പ്രവേശിക്കാൻ കഴിയും. യൂറോപ്പിൽ ഇപ്പോൾ തന്നെ സാനിമാറ്റിന് പ്രചാരം ലഭിച്ചു കൊണ്ടിരിക്കുകയാണ്. ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കുന്നതോടൊപ്പം നിയന്ത്രണങ്ങളും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. സാനിമാറ്റ് വിതരണത്തിന്റെ ഫ്ളാഗ് ഒഫ് എ.എം.ആരിഫ് എം.പി നിർവ്വഹിച്ചു. സാനിമാറ്റിന്റെ ജില്ലയിലെ ആദ്യത്തെ വിതരണ കരാർ ഏറ്റെടുക്കുക വഴി ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനും കൂടിയാണ് ജില്ലാപഞ്ചായത്ത് ശ്രമിച്ചതെന്ന് പ്രസിഡൻറ് ജി. വേണുഗോപാൽ പറഞ്ഞു. കയർ കോർപറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മണി വിശ്വനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി.മാത്യു, കെ.കെ.അശോകൻ തുടങ്ങിയവർ സംസാരിച്ചു.