കർശന നിയന്ത്രണങ്ങൾ
ആലപ്പുഴ: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന ആലപ്പുഴ നഗരസഭയിലെ വഴിച്ചേരി , സീവ്യൂ വാർഡുകളിലായി സ്ഥിതിചെയ്യുന്ന വലിയ മാർക്കറ്റ് നിയന്ത്രണങ്ങളോടെ ഇന്നു തുറക്കും.
അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന വാഹനങ്ങൾക്ക് ദിവസവും രാത്രി 12 മുതൽ രാവിലെ 6 വരെ ലോഡ് ഇറക്കാവുന്നതാണ്. ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരും ക്ലീനർമാരും നഗരസഭ കംഫർട്ട് സ്റ്റേഷൻ വിശ്രമകേന്ദ്രമായി ഉപയോഗിക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നു ചരക്ക് കൊണ്ടുവരുന്ന വാഹനങ്ങളിലെ ജീവനക്കാർ യാതൊരു കാരണവശാലും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല.അവർക്ക് വേണ്ട സൗകര്യങ്ങൾ കട ഉടമകൾ തന്നെ ഏർപ്പെടുത്തി നൽകണം. റീട്ടെയിൽ വ്യാപാരത്തിനായി എത്തുന്നവർക്ക് കടകളിൽ നിന്നു ചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റാൻ ദിവസവും രാവിലെ 6.30 മുതൽ 10.30 വരെ അനുമതിയുണ്ട്.
രാവിലെ 10.30 മുതൽ വൈകിട്ട് 3 വരെ പൊതുജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാം. വരുന്ന വാഹനങ്ങൾ യാതൊരു കാരണവശാലും മാർക്കറ്റിൽ പ്രവേശിക്കാൻ പാടില്ല. മാർക്കറ്റിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണം സ്റ്റേഷൻ ഹൗസ് ഓഫീസർ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ, നഗരസഭ സെക്രട്ടറിയുമായി ആലോചിച്ച് ഏർപ്പെടുത്തും. ഞായറാഴ്ച ദിവസം മാർക്കറ്റ് സമ്പൂർണ്ണമായി അടച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.
# മറ്റ് നിർദ്ദേശങ്ങൾ
ദിവസം 30 ചരക്കു വാഹനങ്ങൾക്കു മാത്രം പ്രവേശനം
വാഹനങ്ങളുടെയും ജീവനക്കാരുടെയും വിവരങ്ങൾ www.covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം
എല്ലാ സ്ഥാപന ഉടമകളും സ്ഥാപനങ്ങളുടെ വിവരങ്ങൾ ഈ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ക്യു. ആർ. കോഡ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം
വിശദ വിവരങ്ങൾക്ക് 04772239999 എന്ന നമ്പറിൽ ബന്ധപ്പെടാം
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മാർക്കറ്റിൽ എത്തരുത്