ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ, ചുവപ്പുനാടയിൽ കുടുങ്ങിയ ഫയലുകളുടെ തീർപ്പാക്കൽ പ്രഖ്യാപനം സെപ്തംബർ 5ന് നടക്കും. ഐ.എസ്.ഒ അംഗീകാരത്തിന്റെ നിറവിൽ നിൽക്കുന്ന പഞ്ചായത്തിൽ കൊവിഡ് മൂലം കുരുങ്ങിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സാങ്കേതിക തടസമുളള ഫയലുകൾ ഗുണഭോക്താക്കളെ നേരിൽ വിളിച്ച് വരുത്തി തീർപ്പാക്കുന്നതിനും നടപടികളായി.

ജനനം, മരണം, വിവാഹ സർട്ടിഫിക്ക​റ്റുകൾ, ലൈസൻസ് പെർമി​റ്റുകൾ എന്നവയുമായി ബന്ധപ്പെട്ട ഫയലുകളിലാണ് അടിയന്തിര നടപടിക്ക് പഞ്ചായത്ത് അനുമതി നൽകിയത്. ഫയൽ തീർപ്പാക്കൽ യജ്ഞത്തിനായി പഞ്ചായത്ത് ഓഫീസിൽ നടന്ന, ജീവനക്കാരുടെ ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. രമാമദനൻ അദ്ധ്യക്ഷത വഹിച്ചു.