ചേർത്തല:കൊവിഡ് തീവ്രവ്യാപന മേഖലയായ കടക്കരപ്പളളി ഗ്രാമപഞ്ചായത്തിൽ 59 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 22ന് നടത്തിയ പരിശോധനാഫലങ്ങളാണ് പുറത്തു വന്നത്.
നിലവിൽ നിയന്ത്റണങ്ങൾ നിലനിൽക്കുന്ന ഒന്ന്,14 വാർഡുകളിലായി 26 കേസുകളും. രണ്ട്,മൂന്ന്,12,13 വാർഡുകളിലുമായാണ് മറ്റ് പോസിറ്റീവ് കേസുകൾ. കടക്കരപ്പള്ളിയിൽ ഒന്ന്,14 വാർഡുകൾ ഒഴിച്ചുള്ള പ്രദേശങ്ങളെ നിയന്ത്റണങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു.പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പൂർണ സജ്ജമാക്കാൻ കഴിയാത്തത് പ്രതിസന്ധിയാകുന്നുണ്ട്.ഇവിടെ ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറു ജീവനക്കാർ നിരീക്ഷണത്തിലാണ്.ഇവരുടെ ആന്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കിലും സ്രവ പരിശോധന നടത്തിയിരുന്നു.നാലു ദിവസം പിന്നിട്ടിട്ടും പരിശോധനാഫലം വരാത്തത് കടക്കരപ്പള്ളിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് തടസമാകുന്നുണ്ട്.ആരോഗ്യ പ്രവർത്തകരുടെ പരിശോധനാ ഫലം വൈകിപ്പിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതായും ആരോപണമുണ്ട്.