municipality

തുടക്കം മുതലേ കൊവിഡിനോട് വലിയ ഭയഭക്തി ബഹുമാനം കാട്ടിയ ജില്ലയാണ് ആലപ്പുഴ. കാരണം കേരളത്തിൽ രണ്ടാമത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചത് ആലപ്പുഴയിലാണ്. ഈ ഭയഭക്തിക്ക് മറ്റൊരു പശ്ചാത്തലവുമുണ്ട്. ഏതു പകർച്ചവ്യാധി വന്നാലും നല്ലൊരു താണ്ഡവം നടത്താറുള്ള ജില്ലയാണ് ആലപ്പുഴ. അത്രയ്‌ക്കാണ് പകർച്ചവ്യാധികൾക്ക് ഈ മണ്ണ് നൽകുന്ന വളക്കൂറ്. മലേറിയ, എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ , ചിക്കൻപോക്‌സ് തുടങ്ങി എല്ലാ ആധിവ്യാധികളും ഇവിടുത്തെ ജനങ്ങളെ ഒന്നു തഴുകി തലോടിയാണ് പോകാറുള്ളത്. ഓരോ വ്യാധി വന്നുപോകുമ്പോഴും നല്ലൊരു പങ്ക് ജനങ്ങളും വല്ലാതെ കഷ്ടപ്പെടാറുമുണ്ട്. ഈ കഷ്ടപ്പാടിന്റെ കാഠിന്യം അറിയാവുന്നതിനാലാണ് കൊവിഡ് എത്തിയപ്പോൾ തന്നെ വലിയ ഭയഭക്തിയോടെ അതിനെ കണ്ടതും. പകർച്ചവ്യാധി മാത്രമല്ലല്ലോ, വെള്ളപ്പൊക്കം വന്നാലും കടലാക്രമണം വന്നാലുമുണ്ടല്ലോ ആലപ്പുഴക്കാർക്ക് ദുരിതം. ഇങ്ങനെ ഒന്നൊന്നായി വയ്യാവേലികൾ വരികയും കുറച്ച് ബുദ്ധിമുട്ട് വിതാനിച്ച് പോവുകയും ചെയ്യുന്നതിനാൽ ഏതു സമയത്ത്, ഏത് വ്യാധിയാണ് എത്തുക എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് ആലപ്പുഴ ജില്ലയിലെ ജനങ്ങൾ.

കൊവിഡ് രോഗത്തിന്റെ ഭയാനകതയെക്കുറിച്ച് വ്യക്തമായ ധാരണ ജനങ്ങളിലെത്തിക്കാൻ ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും തുടക്കത്തിൽ തന്നെ സാധിച്ചു. അതിനാൽ ആദ്യഘട്ടത്തിൽ അടങ്ങിയൊതുങ്ങിയാണ് ജനങ്ങൾ വീടുകളിൽ കഴിച്ചുകൂട്ടിയത്. ഇടയ്ക്ക് ചിലരൊക്കെ കെട്ടുപൊട്ടിച്ച് ഇറങ്ങാൻ തുടങ്ങിയപ്പോൾ പൊലീസ് 'ഡ്രോൺ 'ഇറക്കി. ആകാശത്തിലൂടെ ഡ്രോൺ പരീക്ഷണാടിസ്ഥാനത്തിൽ വട്ടമിട്ടു പറന്നപ്പോൾ, ചീട്ടുകളി സ്ഥലങ്ങളിലും വൈകുന്നേരങ്ങളിലെ വെടിപറച്ചിൽ കേന്ദ്രങ്ങളിലും നടന്ന രസകരമായ കൂട്ടയോട്ടം ടി.വി ചാനലുകളിലൂടെ നാം കണ്ടതുമാണ്. പോരെങ്കിൽ റോഡിലെമ്പാടും പൊലീസ് അണിനിരന്ന് യുദ്ധസമാനമായ അന്തരീക്ഷവും സൃഷ്ടിച്ചു. അതോടെ ജനങ്ങൾക്ക് കുറച്ചുകൂടി ഭയവുമായി.

മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണ പോലത്തെ അവസ്ഥ വരുന്നത് ഈ ഘട്ടത്തിലാണ്.സർക്കാർ നിയന്ത്രണങ്ങൾക്ക് തെല്ല് ഇളവ് അനുവദിച്ചു. മുഖത്ത് ഒരു മാസ്കുണ്ടെങ്കിൽ ആർക്കും പൊതുസ്ഥലങ്ങളിൽ ഇറങ്ങി വിലസാമെന്ന സ്ഥിതിയായി. അതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും പണ്ടത്തെപ്പോലെ തിരക്ക്. മദ്യശാലകളിൽ 'ആപ്പു 'വച്ചുള്ള നിയന്ത്രണം കൊണ്ടുവന്നെങ്കിലും ജനങ്ങൾ ആപ്പിളക്കി മദ്യം വാങ്ങി. ഇങ്ങനെ സർവവിധ ഇളവുകളോടയെും കാര്യങ്ങൾ മുന്നേറിയപ്പോൾ കൊവിഡും ഉറഞ്ഞുതുള്ളാൻ തുടങ്ങി. രോഗബാധിതരുടെയും കണ്ടെയ്ൻമെന്റ് സോണുകളുടെയും എണ്ണം കുത്തനെ കൂടി. മരണനിരക്കിലുമുണ്ടായി നല്ല വർദ്ധന. വീണ്ടും കൊവിഡ് പേടി വല്ലാതെ വ്യാപിച്ചു.

ഞാനോ നീയോ നമ്മളോ

പേടി മൂർദ്ധന്യത്തിലെത്തിയ ഘട്ടത്തിലാണ് സിവിൽ സപ്ളൈസ് വകുപ്പിന്റെ ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം വരുന്നത്. വകുപ്പ് മന്ത്രി പി.തിലോത്തമൻ ഓൺലൈൻ സംവിധാനത്തിൽ ഉദ്ഘാടനം നിർവഹിക്കാൻ തീരുമാനിച്ചു. നഗരസഭാ കൗൺസിലർമാരും ഉദ്യോഗസ്ഥ പ്രമാണികളും സ്ഥലം എം.പിയും ചടങ്ങിന് അണിനിരന്നു. മാദ്ധ്യമങ്ങളുടെ കാമറാമാന്മാരും ചാനലുകാരും ഉന്തിത്തള്ളി ദൃശ്യം പകർത്താനും നിരന്നു ( അതൊരു ശീലമായിപ്പോയിട്ടാണ് ) . ഏതായാലും എല്ലാം മംഗളകരമായി പര്യവസാനിച്ചു.

ചടങ്ങ് നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സംഭവത്തിന് പുതിയ ട്വിസ്റ്റ് വരുന്നത്. ചടങ്ങിൽ പങ്കെടുത്ത നഗരസഭാ വൈസ് ചെയർപേഴ്സണ് കൊവിഡ് സ്ഥിരീകരിച്ചു.! അതിന് വളരെ ദിവസം മുമ്പ് സമ്പർക്ക വ്യാപനം കൂടുതലുള്ള, കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലത്ത് ശുചീകരണത്തിന് നേതൃത്വം നൽകിയത് വൈസ് ചെയർപേഴ്സണായിരുന്നു. അതിന് ശേഷം കൊവിഡ് സ്രവപരിശോധനയ്ക്ക് നൽകിയ ശേഷമാണ് ശുഭാപ്തിവിശ്വാസത്തോടെ വൈസ് ചെയർപേഴ്സൺ ഉദ്ഘാടന ചടങ്ങിനെത്തിയത്. ഏതായാലും മാഡത്തിന്റെ പരിശോധനാ ഫലം പൊസിറ്റീവ് ആയതോടെ ആലപ്പുഴ നഗരസഭയിൽ പരക്കം പാച്ചിലായി. തന്റെ സമീപത്ത് ഇരുന്നതാരെന്ന് ഓരോരുത്തരും തല പുകയ്ക്കാൻ തുടങ്ങി. ചടങ്ങിൽ പങ്കെടുക്കാത്ത കൗൺസിലർമാരെ പോലും കാണുമ്പോൾ മറ്റുള്ളവർ ഓടിമറയാൻ തുടങ്ങി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തലവനാവട്ടെ വീട്ടുതടങ്കലിലായി. 'കൊവിഡ്മാൻ' എന്ന് വിളിച്ച് പരസ്പരം കളിയാക്കിയിരുന്നവർ പോലും അന്തംവിട്ട് നടപ്പായി.

ഇത്രയൊക്കെ പുകിലുകൾ നിരന്നതോടെ നഗരസഭാ ഭരണാധികാരികൾ ഒരു തീരുമാനമെടുത്തു. തത്കാലം നഗരസഭ അടച്ചിടുക. അങ്ങനെ കൊവിഡ് പേടിയിൽ പൂർണമായി അടച്ചിടുന്ന നഗരസഭയെന്ന ഖ്യാതി ആലപ്പുഴ നഗരസഭയ്ക്കായി.

സമാന്തര നഗരസഭാ ഓഫീസ്

പക്ഷെ ജനങ്ങളെ സേവിച്ച് സേവിച്ച് മതിവരാത്ത നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും വീട്ടിൽ അടങ്ങിയിരിക്കാനാവുമോ?, ജനങ്ങളുടെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവുമോ? കൊവിഡ് സമ്പർക്കത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയാണെങ്കിലും പൊതുജനങ്ങൾക്കായി കരുതൽ എന്ന പേരിൽ സമാന്തര ഓഫീസ് സംവിധാനം തന്നെ തുടങ്ങാൻ ചെയർമാൻ തീരുമാനിച്ചു.നിലവിലെ ഓഫീസ് അടച്ചിട്ട് മറ്റെവിടെയാവും സമാന്തര ഓഫീസ് പ്രവർത്തിക്കുകയെന്നതായി നഗരവാസികളുടെ സങ്കടം. അവർ അന്യോന്യം ഇതേക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ചു. അപ്പോഴാണ് ചെയർമാന്റെ വൈഭവം അവർക്ക് ബോദ്ധ്യമായത്. കാരണം ചെയർമാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജാണ് സമാന്തര ഓഫീസായി പ്രവർത്തിക്കുക. ഒരു കാരണവശാലും നഗരസഭയുടെ സേവനങ്ങൾ കിട്ടാതെ ആലപ്പുഴ നഗരത്തിലെ ഒരു വ്യക്തിയും ബുദ്ധിമുട്ടരുതെന്ന കടുത്ത വാശിയാണ് ഇതിന് പിന്നിൽ.

ഇതുകൂടി കേൾക്കണേ

കൊവിഡെന്നല്ല അതിനേക്കാൾ വലിയ പുള്ളികൾ വന്നാലും കുലുങ്ങുന്നവരല്ല ആലപ്പുഴ നഗരത്തിലെ പൊതുപ്രവർത്തകരെന്ന് ഇതൊക്കെ അറിയുമ്പോഴെങ്കിലും ബോദ്ധ്യമായില്ലെ. ഫേസ്ബുക്ക് പേജ് കൊണ്ട് ഫലിച്ചില്ലെങ്കിൽ പുതിയ ആപ്പിനെക്കുറിച്ചും ആലോചിക്കുമെന്നാണ് അറിയുന്നത്.