t

 ജില്ലയിൽ രണ്ടു ദിവസത്തിനിടെ ആറു മരണം

ആലപ്പുഴ: കൊവിഡ് ബാധിച്ച് ജില്ലയിൽ രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് ആറു ജീവൻ. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 30 ആയി. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണത്തിലുമുണ്ട് ഗണ്യമായ വർദ്ധന.തീരമേഖലയിലാണ് രോഗം പടരുന്നത്. പരിശോധനയും മുൻകരുതലുകളും വേണ്ടവിധം നടപ്പാകാത്തത് സമ്പർക്ക വ്യാപനം രൂക്ഷമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച മാത്രം ചേർത്തല, കൃഷ്ണപുരം, ആല, പുന്നപ്ര സ്വദേശികളായ നാലു പേർ മരിച്ചു. സമ്പർക്കത്തിലൂടെ രോഗം സ്ഥീകരിച്ചവരാണ് മരണമടഞ്ഞവരിൽ കൂടുതലും. ഓരോദിവസവും രോഗം സ്ഥിരീകരിക്കുന്ന 95 ശതമാനം പേർക്കും സമ്പർക്കമാണ് കാരണം. ജനുവരി 25 മുതൽ ജൂലായ് 31വരെ 1000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ആഗസ്റ്റ് ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 4800 കടന്നു. 25 ദിവസത്തിനുള്ളിൽ 3800 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ആദ്യഘട്ടത്തിൽ രോഗബാധിതരുടെ എണ്ണം കുറവായിരുന്ന കുട്ടനാട് താലൂക്കിൽ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനെയും ആശങ്കപ്പെടുത്തുന്നു.

രണ്ടുദിവസം മുമ്പ് പുറക്കാട് പഞ്ചായത്ത് 14-ാം വാർഡിൽ മത്സ്യത്തൊഴിലാളിയുടെ അമ്മ മരിച്ചു. മത്സ്യബന്ധനത്തിന് ബോട്ടിൽ പോയ മകനെ വിവരം അറിയിച്ചു. ഈ ബോട്ടിൽ എട്ട് തൊഴിലാളികൾ ഉണ്ടായിരുന്നു. തുടർന്നു സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ മകനും സഹപ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചു.

വിവരം കളക്ടറേറ്റിലെ കൊവിഡ് സെന്റർ, ഡി.എം.ഒ ഓഫീസ്, അമ്പലപ്പുഴ പൊലീസ്, ആശാവർക്കർ എന്നിവരെ ലാബുകാർ അറിയിച്ചെങ്കിലും ഇരുവരെയും ഇന്നലെ വൈകിട്ടുവരെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ എത്തിച്ചില്ല. ഐ.സി.എം.ആറിന്റെ അംഗീകാരമുള്ളതാണ് ആലപ്പുഴയിലെ ലാബുകൾ. എന്തിനാണ് സ്വകാര്യ ആശുപത്രിയിലെ ലാബിൽ പരിശോധന നടത്തിയത് എന്നാണ് ഡി.എം.ഒ ഓഫീസിൽ നിന്നുണ്ടായ ചോദ്യം. പരിശോധന നടത്താതെ അമ്മയുടെ സഞ്ചയന കർമ്മത്തിൽ ഇന്നലെ മകൻ പങ്കെടുത്തിരുന്നെങ്കിൽ സമ്പർക്കവ്യാപനത്തിന് വഴിയോരുക്കുമായിരുന്നു.

# സമ്പർക്ക വ്യാപനം

ജില്ലയിൽ രോഗവ്യാപന വർദ്ധനവിന് തുടക്കം നൂറനാട് ഐ.ടി.ബി.പിയിലെ ഉദ്യോഗസ്ഥരിലൂടെയായിരുന്നു. ഇതിന് പുറമേ വള്ളികുന്നം, ഭരണിക്കാവ്, തെക്കേക്കര, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലും കായംകുളം നഗരസഭ എന്നിവടങ്ങളിലെ മത്സ്യ വ്യാപാരികളിലും സമ്പർക്ക വ്യാപനമുണ്ടായി. തൊട്ടുപിന്നാലെ ചേർത്തല താലൂക്കിലെ ചെമ്മീൻ പീലിംഗ് ഷെഡും സമ്പർക്ക വ്യാപനത്തിന് വഴിയോരുക്കി. ഇതോടെ ചേർത്തല താലൂക്ക് പൂർണ്ണമായും കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളുടെ ഭാഗിക പ്രദേശങ്ങൾ അടച്ചിട്ടു. കടക്കരപ്പള്ളി, തുറവൂർ, പാണാവള്ളി, പുറക്കാട്, പുന്നപ്ര, അമ്പലപ്പുഴ പഞ്ചായത്തകളിലും സമ്പർക്ക വ്യാപനം കൂടുതലാണ്. ആദ്യഘട്ടത്തിൽ രോഗികളുടെ എണ്ണം കുറവായിരുന്ന കുട്ടനാട് താലൂക്കിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കൈനകരി, നെടുമുടി, എടത്വ, പുളിങ്കുന്ന് എഞ്ചായത്തുകളിലെ 10 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. .

...................................

 രണ്ട് മാസം മുമ്പെടുത്ത തീരുമാനങ്ങൾ പ്രസ്താവനയിൽ മാത്രം

 മാർക്കറ്റുകളിലും വ്യാപാരശാലകളിലും പരിശോധന കാര്യക്ഷമമല്ല

 പൊലീസ് നടത്തുന്നത് മാസ്ക് പരിശോധനകൾ