ആലപ്പുഴ : കൊവിഡ് മൂലം തൊഴിൽ നഷ്ടമുണ്ടായ ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ പണി മേഖലയിലെ തൊഴിലാളികൾക്ക് അർഹമായ ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് സമർപ്പിച്ച നിവേദനങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് മേഖലയിലുള്ളവർ തിരുവോണ ദിനത്തിൽ ഉപവസിക്കും. തൊഴിലാളികളും കുടുംബാംഗങ്ങളും ഉപവാസത്തിൽ പങ്കെടുക്കുമെന്ന് ശബ്ദകലാ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികളായ ദിലീപിന്റെയും പ്രകാശന്റെയും കുടുംബങ്ങൾക്ക് ട്രസ്റ്റ് നൽകുന്ന രണ്ടരലക്ഷം രൂപയുടെ ധനസഹായം മന്ത്രി ജി.സുധാകരൻ ഇന്ന് കൈമാറും. വാർത്താസമ്മേളനത്തിൽ ശബ്ദകലാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മധു പുന്നപ്ര, ജനറൽ കൺവീനർ എം.കെ.മംഗളാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.