ആലപ്പുഴ: സംസ്ഥാനത്തെ അയൽക്കൂട്ട വനിതകൾ ഉത്പാദിപ്പിക്കുന്ന കാർഷിക, കാർഷികേതര ഉത്പന്നങ്ങൾ വിൽക്കുന്നതിന് സ്ഥിരം വിപണന കേന്ദ്രങ്ങൾ വരുന്നു. 100 കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. അതത് തദ്ദേശ സ്ഥാപനത്തിലെ 25 അയൽക്കൂട്ട സംരംഭകർക്കോ കൃഷിസംഘങ്ങൾക്കോ അവരുത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഒരു സ്ഥിര വിപണന കേന്ദ്രത്തിലെത്തിച്ച് വിൽക്കുകയാണ് ലക്ഷ്യം. കേരളത്തിലെ 2500 വനിതാ സംരംഭകർക്ക് ഈ ഔട്ട്ലെറ്റുകളിലൂടെ വിപണന സൗകര്യം ലഭിക്കും. മാസം കുറഞ്ഞത് 50,000 രൂപ വിറ്റുവരവ് നേടുകയാണ് ലക്ഷ്യം. ഒരേ രീതിയിലാവും വിപണനകേന്ദ്രങ്ങൾ ബ്രാൻഡ് ചെയ്യുക. എല്ലാ ബ്ലോക്കുകളിലും നഗരസഭകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ മാസച്ചന്തകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. 2019-20 സാമ്പത്തിക വർഷം 1876 മാസച്ചന്തകളാണ് കേരളത്തിലൊട്ടാകെ സംഘടിപ്പിച്ചത്. ഇതിൽനിന്നും 5.85 കോടിരൂപ വിറ്റുവരവുണ്ടായി. മാസച്ചന്തകൾക്ക് മികച്ച സ്വീകാര്യതയേറിയതാണ് സ്ഥിരം വിപണന കേന്ദ്രങ്ങൾ ഒരുക്കുന്നതിന് വഴിയൊരുക്കിയത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മാസച്ചന്തകർ കണ്ടെത്തി അതത് സി.ഡി.എസിന്റെ ഉടമസ്ഥതയിലുള്ള സ്ഥിരം വിപണന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. കുടുംബശ്രീ ജില്ലാ മിഷനുകളാണ് കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുക. വിപണന കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല സി.ഡി.എസുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമാകും. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

*2500 വനിതാ സംരംഭകർക്ക് അവസരം

*സ്വീകാര്യതയേറി മാസച്ചന്തകൾ

*ചുമതല സി.ഡി.എസുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും

സ്ഥിര വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ഇടങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പ്രാവർത്തികമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.- കുടുംബശ്രീ അധികൃതർ