ആലപ്പുഴ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് പാണാവള്ളി ഗ്രാമപഞ്ചായത്തിൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല സെൽവരാജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ എത്തിച്ചു ഷ്രെഡിംഗ് ചെയ്യാവുന്ന തരത്തിലാണ് സംവിധാനം. വീടുകളിലെത്തി ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മെഷീൻ ഉപയോഗിച്ച് കഴുകി പുനരുപയോഗത്തിനുള്ള പൊടിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഹരിത കർമസേന അംഗങ്ങൾ വീടുകളിലെത്തി മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ ചെറിയൊരു തുക യൂസർ ഫീ നൽകണം. വൃത്തിയാക്കി കഴുകി ഉണക്കിയ പ്ലാസ്റ്റിക് കവറുകൾ, കിറ്റുകൾ തുടങ്ങിയവയും ശേഖരിക്കും. തുടർന്ന് ഇവ മെററീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളിൽ ശേഖരിച്ച ശേഷമാണ് യൂണിറ്റുകളിൽ എത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.