ലൈഫ് പദ്ധതി നിരസിക്കപ്പെട്ട കുടുംബത്തിന് ബി.ജെ.പി വക വീട്
ചാരുംമൂട്: വാസയോഗ്യമായ വീട് ഇല്ലാതിരുന്നിട്ടും ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാതിരുന്ന ബിനു-സുനിത ദമ്പതികൾക്ക് 9 ലക്ഷം ചെലവിൽ ബി.ജെ.പി താമരക്കുളം മേഖലാ കമ്മിറ്റി വീടു നിർമ്മിച്ചു നൽകി. നാളെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ താക്കോൽ കൈമാറും.
ലൈഫ് പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഇവരുടെ പേര് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും വി.ഇ.ഒയും ചേർന്ന് വീട് വാസയോഗ്യമാണെന്നു നൽകിയ സർട്ടിഫിക്കറ്റിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. കാറ്റിലും മഴയിലും പാതി തകർന്ന, വീടെന്നു വിളിപ്പേര് മാത്രമുള്ള, ഏതു നിമിഷവും നിലം പൊത്താവുന്ന ചെങ്കൽ കൂരയിൽ വിങ്ങുന്ന ഹൃദയവുമായി കഴിഞ്ഞ താമരക്കുളം 9-ാം വാർഡ് വൈഷ്ണവി ഭവനത്തിൽ ബിനു സുനിത ദമ്പതികളുടെയും പ്രായപൂർത്തിയായ രണ്ട് പെൺമക്കളുടെയും ദയനീയ അവസ്ഥ മേയ് 19 നു 'കേരളകൗമുദി' പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് വാർഡ് മെമ്പർ ദീപയുടെ നേതൃത്വത്തിൽ ബി.ജെ.പി താമരക്കുളം കിഴക്കു പടിഞ്ഞാറ് മേഖലാ കമ്മിറ്റികൾ ഇവർക്ക് വീടുവച്ച് നൽകാൻ തീരുമാനിച്ചു. മേയ് 29 ന് കല്ലീടീൽ നടത്തുമ്പോൾ ചിങ്ങത്തിൽത്തന്നെ വീട് പൂർത്തീകരിച്ചു ദമ്പതികൾക്ക് കൈമാറുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
രണ്ടു കിടക്കമുറി, ഹാൾ, അടുക്കള, ബാത്ത് റൂം ഉൾപ്പെടുന്ന 800 ചതുരശ്ര അടി വീടാണ് നിർമ്മിച്ചിരിക്കുന്നത്.
താക്കോൽ ദാന ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ പ്രഭകുമാർ മുകളയ്യത്ത് അദ്ധ്യക്ഷത വഹിക്കും. നിർമ്മാണക്കമ്മിറ്റി ഭാരവാഹികളെ ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിസന്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ തുടങ്ങിയവർ ആദരിക്കും. പത്രസമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി രക്ഷാധികാരി രാധാകൃഷ്ണ കുറുപ്പ് പാർവ്വണേന്ദു, ചെയർമാൻ പ്രഭകുമാർ മുകളയ്യത്ത്, ജനറൽ കൺവീനർ, സന്തോഷ് ചത്തിയറ, ട്രഷറർ ദീപ എന്നിവർ പങ്കെടുത്തു.