t

 കുട്ടിക്കൂട്ടങ്ങൾക്കും പട്ടങ്ങൾ അകലെ

ആലപ്പുഴ: ഓണക്കാലത്ത് കുട്ടിക്കൂട്ടങ്ങളുടെ കൈവശം പാറിപ്പറന്നിരുന്ന പട്ടങ്ങളും കൊവിഡിൽ കുടുങ്ങി. കുട്ടികൾ വീട്ടിൽത്തന്നെ ആയതോടെ പട്ടങ്ങൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണെന്ന് കച്ചവടക്കാർ പറയുന്നു.

വീടുകളുടെ സമീപത്തെ പരിമിതികൾക്കുള്ളിലാണ് ഇന്ന് പട്ടം പറത്തൽ. പട്ടം പറത്താൻ സൗകര്യമുള്ളവരിൽ ചിലർ മാത്രമാണ് ഇവ വാങ്ങാനെത്തുന്നത്. ബീച്ചുകൾ ഉൾപ്പെടെയുള്ള വിശാലതയിൽ പട്ടം പറത്താൻ ഓണക്കാലത്ത് കുട്ടികൾ ഉൾപ്പെടെ ധാരാളം പേർ എത്തിയിരുന്നു. ഇക്കുറി അതെല്ലാം ഓർമ്മയായി.

കണ്ടുപഴകിയ ആകൃതികൾക്ക് പുറമേ, കാർട്ടൂൺ കഥാപാത്രങ്ങൾ വരെ പട്ടമായി പാറിപ്പറക്കാറുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സാധാരണ കടലാസുകൊണ്ടും, വർണക്കടലാസുകൊണ്ടുമുള്ളവയാണ് നിർമ്മിക്കുന്നതിലേറെയും. ഇതിന് 25 രൂപയാണ്. പല നിറത്തിലും രൂപത്തിലും ലഭിക്കും. വലിപ്പത്തിനും ഭംഗിക്കും അനുസരിച്ചാണ് വില. ചെലവ് കുറവാണെങ്കിലും പട്ടമുണ്ടാക്കുന്നതിന് സമയവും അദ്ധ്വാനവുമാണ് പ്രധാനം.

10 മുതൽ 15 രൂപ വരെയാണ് ഒരു പട്ടമുണ്ടാക്കാനുള്ള ചെലവ്. ഒരു ദിവസം 30 മുതൽ 50 പട്ടങ്ങൾ വരെ നിർമ്മിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 10 മുതൽ 15 പട്ടങ്ങൾ വരെ മാത്രമേ നിർമിക്കുന്നുള്ളൂവെന്ന് കച്ചവടക്കാർ പറയുന്നു.

..........................

 പ്ലാസ്റ്റിക്ക് പട്ടം: 20 രൂപ

 കടലാസ് പട്ടം: 25 രൂപ

.................................

ഓണക്കാലമാണ് പട്ടത്തിന്റെ സീസൺ. വേനലവധിക്കാലത്ത് പോലും പട്ടം പറത്തൽ കുറവാണ്. വീടിനടുത്ത് പറത്താനായി ആരെങ്കിലും ഇവ വാങ്ങാനെത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടത്തിന് വരുന്നത്

ബഷീർ, കച്ചവടക്കാരൻ