
ജനകീയപങ്കാളിത്തത്തോടെ വനവത്കരണം നടപ്പാക്കാൻ പദ്ധതി തയ്യാറാക്കും
ആലപ്പുഴ : സ്മൃതിവനത്തിനായി ഏറ്റെടുത്ത പുറക്കാട് മണക്കൽ പാടശേഖരത്ത് 26 വർഷങ്ങൾക്ക് ശേഷം വനവത്കരണത്തിന് സാദ്ധ്യത തെളിയുന്നു. ജനകീയപങ്കാളിത്തത്തോടെ വനവത്കരണം നടപ്പാക്കാൻ പദ്ധതി തയ്യാറാക്കാൻ കഴിഞ്ഞ ദിവസം മണക്കൽ പാടം സന്ദർശിച്ച വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് നിർദേശം നൽകി. തണ്ണീർതട നിയമത്തിന്റെ പരിധിയിൽപ്പെടുന്ന പ്രദേശമായതിനാൽ പരിസ്ഥിതി സംരക്ഷിച്ച് വിദഗ്ദ്ധ കൺസൾട്ടൻസിയുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുക. റിസർവ് വനമില്ലാത്ത ജില്ലയാണ് ആലപ്പുഴ. പുനർഗേഹം പദ്ധതിയിൽ ആളുകൾ മാറുന്നത് അനുസരിച്ച് തീരമേഖലയിൽ വൃക്ഷവത്കരണം വേഗത്തിലാക്കിയും പുറക്കാട് 600ഏക്കർ ഗാന്ധിസ്മൃതി വനം യാഥാർത്ഥ്യമാക്കിയും വനമില്ലാ ജില്ലയെന്ന പേരുദോഷം ഇല്ലാതാക്കാൻ റീബിൽഡ് കേരളയിൽ നിന്ന് ആവശ്യമായ ഫണ്ട് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പാെന്നുവിളഞ്ഞിരുന്ന മണക്കൽ പാടം സ്മൃതിവനത്തിന്റെ പേരിൽ 'വിസ്മൃതി'യിലായിട്ട് 26 വർഷം പൂർത്തിയായി. ഏറ്റെടുത്ത സ്ഥലത്ത് ഇപ്പോൾ വനവുമില്ല, ടൂറിസവുമില്ല എന്നതാണ് അവസ്ഥ. പാടശേഖരമാവട്ടെ, കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമായി. സ്ഥലം ഏറ്റെടുത്ത ശേഷം പദ്ധതി പ്രദേശത്ത് 34പേരുടെ ജീവനുകളാണ് പാമ്പുകടിയേറ്റ് നഷ്ടമായത്.
പദ്ധതിയുടെ ചരിത്രം
1994ലാണ് പുറക്കാട് മണക്കൽ കരിനിലത്ത് ദേശീയപാർക്കിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സ്ഥലം ഏറ്റെടുക്കാനായി അന്ന് കേന്ദ്രസർക്കാർ രണ്ടു കോടി നൽകി. പദ്ധതിയുടെ തുടക്കം മുതൽ സി.പി.എം എതിരായിരുന്നു. 1994 ഒക്ടോബർ രണ്ടിന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ സ്ഥാപിച്ച ശിലാഫലകം പിന്നീട് തകർക്കപ്പെട്ടു. 2012ൽ പദ്ധതി വീണ്ടും ചർച്ചയായെങ്കിലും പുരോഗതി ഉണ്ടായില്ല. കെ.ബി.ഗണേശ് കുമാർ മന്ത്രിയായിരിക്കെ ഇവിടെ രണ്ടു കോടിയുടെ ഇക്കോ ടൂറിസം പദ്ധതിക്ക് രൂപം നൽകി. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനായിരുന്നു ചുമതല. ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും തുടർനടപടികൾക്ക് ബ്രേക്ക് വീണു. പഴയ പദ്ധതിയുമായി ഏകോപിപ്പിച്ചാണ് ഇക്കോടൂറിസം പദ്ധതി നടപ്പാക്കാൻ വനംവകുപ്പ് ലക്ഷ്യമിട്ടത്. 187 ഏക്കർ നിലം ഏറ്റെടുത്ത് നൽകാൻ വനംവകുപ്പ് റവന്യു അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അതും വെളിച്ചം കണ്ടില്ല. സ്മൃതിവനം പദ്ധതി നടപ്പിലായാൽ ജില്ലയിൽ 687എക്കർ സ്ഥലത്ത് കൃത്രിമവനം സാദ്ധ്യമാകും.
സി.പി.എമ്മിൽ പ്രതിഷേധം
എൽ.ഡി.എഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് പദ്ധതി നിർദേശം വന്നത്. സി.പി.ഐയുടെ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് വി.വി.പുരുഷോത്തമൻ സ്വന്തം നിലം വിട്ടുകൊടുക്കാൻ തയ്യാറാകുകയും പഞ്ചായത്ത് പദ്ധതി നടപ്പാക്കാൻ അനുമതി നൽകുകയും ചെയ്തു. തറക്കല്ല് ഇട്ടതോടെ സി.പി.എമ്മും കർഷകതൊഴിലാളിയൂണിയനും പ്രതിഷേധം ശക്തമാക്കി സമരമുഖത്ത് എത്തി. ദേശീപാത തടയുകയും എൻ.ജി.ഒ അസോസിയേഷൻ നേതാവായ അന്നത്തെ വില്ലേജ് ഓഫീസർ പുറക്കാട് ഷംസുദീനെ കയ്യേറ്റം ചെയ്യുകയുണ്ടായി.
പദ്ധതികൾ പലത്
സ്മൃതിവനം പദ്ധതി നടക്കില്ലെന്ന് കണ്ടതിനെ തുടർന്ന് ഇക്കോടൂറിസം പദ്ധതി നടപ്പാക്കാൻ വനംവകുപ്പ് ലക്ഷ്യമിട്ടെങ്കിലും പദ്ധതി വെളിച്ചം കണ്ടില്ല. വി.എസ് സർക്കാർ 80ഏക്കർ സ്ഥലം ഐ.ടി പാർക്കിന് ഏറ്റെടുത്തു. കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്നതിനിടെ പരിസ്ഥിതിലോലപ്രദേശത്ത് നിർമ്മാണ പ്രവർത്തനം പാടില്ലെന്ന കേന്ദ്രസർക്കാർ തീരുമാനം കാരണം പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു.
ദേശീയ പാർക്കിൽ ലക്ഷ്യമിട്ടത്
1.കണ്ടൽ വനം, 2. ഔഷധ സസ്യ ഗവേഷണ കേന്ദ്രം, 3.പക്ഷി സങ്കേതം, 4.ഡോൾഫിൻ വളർത്തൽ, 5.ഓഷിനേറിയം, 6.അമ്യൂസ് മെന്റ് പാർക്ക്
"മടണക്കൽ പാടം കൃഷി ഭൂമിയായി നിലനിർത്തണം എന്ന നിലപാടിൽ മാറ്റമില്ല. സുഭിഷകേരളം പദ്ധതിയിൽപ്പെടുത്തി പാടശേഖരം കർഷകർക്ക് കൃഷി ചെയ്യാനുള്ള അനുമതി നൽകണം. വനവത്കരണത്തിന് എതിരല്ല. വീയപുരത്ത് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വനവത്കരണം നടത്തണം.
എം.സത്യപാലൻ, ജില്ലാ സെക്രട്ടറി,
കെ.എസ്.കെ.ടി.യു.
"കമൽനാഥ് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോൾ ഇടുക്കിയിൽ വനഭൂമി പതിച്ച് നൽകിയതിന് പകരം വനം ഉണ്ടാക്കമെന്ന ധാരണയിലാണ് ആലപ്പുഴയിൽ വനവത്കരണത്തിനായി പദ്ധതിക്ക് രൂപം നൽകിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ മുൻകൈയ്യെടുത്ത് തയ്യാറാക്കിയ പദ്ധതി മാറ്റമില്ലാതെ നടപ്പാക്കണം. പദ്ധതി പൂർത്തികരിച്ചാൽ പുറക്കാട്ട് വലിയ വികസന സാധ്യതയുള്ളതാണ്. സർക്കാരിന് പണമില്ലെങ്കിൽ ബി.ഒ.ടി മോഡലിൽ സ്മൃതിവന പദ്ദതി നടപ്പാക്കണം.
-അഡ്വ. ഡി.സുഗതൻ
''പരിസ്ഥിതി സംരക്ഷിച്ചുള്ള പദ്ധതി ജനകീയ സമിതിയുടെ സഹായത്തോടെ തയ്യാറാക്കും. പരിസ്ഥിതിമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൺസൾട്ടൻസിയുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്
ഫെൻ ആന്റണി, അസി.ഫോറസ്റ്റ് കൺസർവേറ്റർ, ആലപ്പുഴ
മണക്കൽ പാടശേഖരം
ആകെ വിസ്തൃതി: 687 ഏക്കർ
ഏറ്റെടുത്തത്: 500 ഏക്കർ
ഏറ്റെടുക്കാത്ത സ്ഥലം: 187 എക്കർ
ഐ.ടി പാർക്കിന് വിട്ടുകൊടുത്തത്: 80 ഏക്കർ