ആലപ്പുഴ : 'ലൈഫ് സേഫാ'യതിന്റെ സന്തോഷത്തിലാണ് ശ്രീകുമാറും കുടുംബവും. മുഹമ്മ സ്വദേശിയും ഡ്രൈവറുമായ ശ്രീകുമാറും ഭാര്യ ഉഷയും മക്കളായ ശ്രീമോൾ എസ് .കുമാറും ശ്രീഹരി എസ് .കുമാറും താത്കാലിക ഷെഡിലായിരുന്നു വർഷങ്ങളായി താമസിച്ചിരുന്നത്. ലൈഫ് പദ്ധതി പ്രകാരമാണ് ഇപ്പോൾ പുതിയ വീട് ലഭ്യമാക്കിയത്. പുതിയ വീട്ടിൽ ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് കിുടുംബാംഗങ്ങൾ.
ലൈഫ് മിഷൻ പദ്ധതി പ്രകാരം ലഭിച്ച നാല് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതി വഴി ലഭിച്ച തുകയും സ്വന്തമായി സ്വരുക്കൂട്ടിയ കൊച്ചു സമ്പാദ്യവും ഉപയോഗിച്ചാണ് ഇവർ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചത്. അടച്ചുറപ്പുള്ള വീടെന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ശ്രീകുമാർ പറയുന്നു.
450 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്ടിൽ സ്വീകരണ മുറി, സിറ്റ് ഔട്ട്, രണ്ട് കിടപ്പുമുറികൾ, അടുക്കള, എന്നിവയുണ്ട്.
മുഹമ്മ ഗ്രാമപഞ്ചായത്തിൽ മാത്രം ലൈഫ് മിഷൻ, റീ ബിൽഡ് കേരള പദ്ധതികൾ പ്രകാരവും സന്നദ്ധ ഏജൻസികളുടെ സഹായത്തോടെയും 280 വീടുകൾ പൂർത്തിയായി വരുന്നതായി പഞ്ചായത്ത് അംഗം ഷാജികുമാർ പറഞ്ഞു.