ആലപ്പുഴ: വിളവെടുപ്പിന്റെയും ഗൃഹാതുര ഓർമകളുടെയും ഉത്സവമായ ഓണമെത്തുന്നതോടെ ആഘോഷമേളമല്ല, മറിച്ച് കൊവിഡ് ഭീതിയുടെ നടുക്കമാണ് ജനമനസുകളിൽ. കൊവിഡ് മാനദണ്ഡങ്ങളും സർക്കാർ നിർദേശങ്ങളും കാറ്റിൽ പറത്തി തെരുവിൽ കൂട്ടത്തോടെ ജനം ഇറങ്ങുന്നതാണ് പ്രശ്നം. ഓണാഘോഷം സമ്പർക്കവ്യാപനത്തിന് വഴിയൊരുക്കുമോയെന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടം.
ഓണക്കാലത്തോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഇന്നലെ ആലപ്പുഴ പട്ടണത്തിലെ മുഴുവൻ തുണിക്കടകളിലും ഉത്സവപറമ്പിനെ വെല്ലുന്ന ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 10വയസിന് താഴെയുള്ള കുട്ടികളുമായിട്ടാണ് തുണിക്കടകളിൽ സ്ത്രീകൾ എത്തിയത്. അടുത്ത മാസം രണ്ട് വരെ പ്രവർത്തന സമയം രാത്രി ഒൻപത് മണിവരെയാക്കി. പരിശോധിക്കേണ്ട ജീവനക്കാരെ മഷിയിട്ടു നോക്കിയാലും കാണാനില്ലെന്ന ആക്ഷേപവുമുണ്ട്.
തുണിക്കടകളിലും പലവ്യഞ്ജന സാധനങ്ങൾ വിൽക്കുന്ന കടകളിലും പച്ചക്കറി കടകളിലും ബേക്കറികളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുല്ലയ്ക്കൽ തെരുവിൽ തലങ്ങും വിലങ്ങുമായി ഇരുചക്രവാഹനങ്ങൾ പായുന്നത് കാണാം. പൊലീസ് വല്ലപ്പോഴും പട്രോളിംഗിന് ഉണ്ടെങ്കിലും ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലായിരുന്നു. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത. ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പട്ടണത്തിലെ തുണിക്കടകൾ അടച്ചിട്ട സംഭവം ഉണ്ടായിട്ടും ഇതൊന്നും ബാധിക്കാതെ നിയന്ത്രണങ്ങളൊന്നും ഇല്ലാതെയാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. മാർക്കറ്റുകളിലും ആശങ്കയുണർത്തുന്ന അവസ്ഥയുണ്ട്. പൊലീസ് ഇന്നലെ ദേശീയപാതയോരത്ത് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രത്യേക മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഭക്ഷണ ശാലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ഹെൽത്ത് ഇൻസ്പെക്ടർമാരും കാര്യമായ പരിശോധനകൾ നടത്തുന്നില്ലെന്ന പരാതിയുണ്ട്.
വ്യാപാര സ്ഥാപനങ്ങൾ ശ്രദ്ധിക്കാൻ
#സെപ്റ്റംബർ 2 വരെ രാവിലെ 7 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കാം
# സാമൂഹിക അകലം പാലിച്ച് സ്ഥാപനത്തിന്റെ വലിപ്പത്തിനനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കണം.
#കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷ സാമഗ്രികൾ ധരിച്ചെന്ന് ഉറപ്പ് വരുത്തണം
#ഒരേ സമയം സ്ഥാപനത്തിൽ പ്രവേശിക്കാൻ കഴിയുന്നവരുടെ എണ്ണം പുറത്ത് പ്രദർശിപ്പിക്കണം,
#ഉപഭോക്താക്കൾക്ക് വേണ്ട സാനിട്ടൈസറും മറ്റ് സൗകര്യങ്ങളും ഉറപ്പ് വരുത്തണം
#ഓൺലൈൻ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കണം
#വീടുകളിൽ സാധനങ്ങൾ എത്തിച്ച് കൊടുക്കുന്ന സംവിധാനം പ്രയോജനപ്പെടുത്തണം
#ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ തുടങ്ങിയവയ്ക്ക് 50 ശതമാനം ജീവനക്കാരെവച്ച് പ്രവർത്തിക്കാം
#ഓണത്തോടനുബന്ധിച്ച് യാത്രകൾ ഒഴിവാക്കണം
# ഓണാഘോഷ പരിപാടികളും ഓണസദ്യയുമായി ബന്ധപ്പെട്ട തിരക്കുകളും ഒഴിവാക്കണം
വേണം ജാഗ്രത, നിയന്ത്രണം
അന്യസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പൂക്കൾ പൂർണമായും ഒഴിവാക്കണം
പ്രാദേശികമായി ലഭിക്കുന്ന പൂക്കൾ കൊണ്ട് പൂക്കളം ഉണ്ടാക്കുക.
ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും കൊവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് രാത്രി 9 മണി വരെ പ്രവർത്തിക്കാം.
താമസസൗകര്യം ഉള്ള സ്ഥലങ്ങളിൽ പുതിയ താമസക്കാർ വരുന്നതിനു മുൻപ് അണുനശീകരണം നടത്തണം.
സ്ഥാപനങ്ങളിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കൊവിഡ് ടെസ്റ്റിന് വിധേയനാകണം.