s

ആലപ്പുഴ : ഓണം പടിവാതിൽക്കൽ എത്തിയപ്പോൾ, ഓർഡിനറി സർവീസുകൾ കൂട്ടത്തോടെ കെ.എസ്.ആർ.ടി.സി നിറുത്തലാക്കിയതോടെ യാത്രക്കാർ പെരുവഴിയിലായി.

നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. ഇതേത്തുടർന്ന്,കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിൽ വലിയ യാത്രാക്‌ളേശമാണുണ്ടായിട്ടുള്ളത്.

തിരക്ക് കൂടുതലുള്ള രാവിലെയും വൈകിട്ടും കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. യാത്രക്കാർ കുറവാണെന്ന ന്യായം കാട്ടിയാണ് പല സർവീസുകളും നിറുത്തിയത്. കുട്ടനാട്ടുകാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. മങ്കൊമ്പ് വഴി ചമ്പക്കുളം ഉൾപ്പെടെ ഇടറൂട്ടുകളിലേക്കുള്ള സർവീസുകൾ നാമമാത്രമാണ്. മണിക്കൂറുകൾ കാത്തു നിന്നാലാണ് ഒരു ബസ് കിട്ടുക.

ലോക്ക്ഡൗണിന് മുമ്പ് എട്ട് ലക്ഷം രൂപവരെ കളക്ഷൻ ലഭിച്ചിരുന്ന ചെറു ഡിപ്പോകളിൽ ഇപ്പോൾ രണ്ട് ലക്ഷം രൂപയ്ക്ക് താഴെയാണ് പ്രതിദിനകളക്‌ഷൻ. സർവീസ് നടത്തുന്നതിലധികവും ഫാസ്റ്റ് പാസഞ്ചറുകളാണ്.

''ഓണക്കാലത്ത് കൂടുതൽ സർവീസുകൾ നടത്തും. ഇന്ന് മുതൽ രണ്ടാംതീയതിവരെ പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആലപ്പുഴയിൽ നിന്ന് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തായിരിക്കും സർവീസുകൾ അധികമായി അയക്കുക.

-വി.അശോക് കുമാർ,അസി.ട്രാൻസ്‌പോർട്ട് ഓഫീസർ

(ഡിപ്പോ, ഷെഡ്യൂൾ നിലവിലുള്ളത്,

ലോക്ക്ഡൗണിന് മുമ്പ്)

ആലപ്പുഴ-35-70

ചെങ്ങന്നൂർ-21-37

എടത്വ-11-25

ചെങ്ങന്നൂർ-21-37

ചേർത്തല-27-65

ഹരിപ്പാട്-25-35

കായംകുളം-22-68

മാവേലിക്കര-18-30