ആലപ്പുഴ: ചേർത്തലയിലെ നവീകരിച്ച പീപ്പിൾസ് ബസാർ ആൻഡ് ഗൃഹോപകരണ വിൽപ്പനശാല മന്ത്രി പി.തിലോത്തമൻ നാടിന് സമർപ്പിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം തടയാൻ സംസ്ഥാനവ്യാപകമായി പൊതുവിതരണ വകുപ്പ് ശക്തമായ ഇടപെടൽ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.
എ.എം.ആരിഫ് എം.പി ആദ്യ വിൽപ്പന നടത്തി. മന്ത്രി പി.തിലോത്തമന്റെ നിർദ്ദേശപ്രകാരമാണ് സപ്ലൈകോ ഔട്ട്‌ലെറ്റ് നവീകരിച്ച് ഗൃഹോപകരണ വിൽപ്പനശാലയായി ഉയർത്തിയത്. ബജാജ് ഇലക്ട്രിക്കൽസ്, ഹാവൽസ് ഇന്ത്യ ലിമിറ്റഡ്, ഹോക്കിൻസ് പ്രസ്റ്റീജ്, നോൾട്ട, എൽജി, ഗോദറേജ് എന്നീ പ്രമുഖ കമ്പനികളുടെ ഗൃഹോപകരണങ്ങൾ കുറഞ്ഞ നിരക്കിൽ സപ്ലൈകോ ഔട്ട്ലെറ്റിൽ ലഭ്യമാണ്.
ചേർത്തല നഗരസഭ അദ്ധ്യക്ഷൻ വി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു . നഗരസഭ പ്രതിപക്ഷ നേതാവ് എൻ.ആർ.ബാബുരാജ്, വാർഡ് കൗൺസിലർ വി.എ.സുരേഷ് കുമാർ, സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അലി അസ്ഗർ പാഷ, സപ്ലൈകോ റീജിയണൽ മാനേജർ എൻ.മിനി തുടങ്ങിയവർ പങ്കെടുത്തു.