s

ചേർത്തല : സുപ്രീം കോടതി അഭിഭാഷകന്റെ നേതൃത്വത്തിൽ കൊലക്കേസ് പ്രതിയെ നിയോഗിച്ച് നടത്തിയ ക്വട്ടേഷൻ ആക്രമണത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി കെ.എ.തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.വഴിത്തർക്കത്തിന്റെ പേരിൽ മുനിസിപ്പൽ 21-ാം വാർഡിൽ കുന്നേൽവെളിയിൽ സുരേഷ്(48)നെ ആക്രമിക്കാനാണ് ബന്ധുവായ അഭിഭാഷകൻ ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ ബാൽഗാർഡനിൽ ബാലകൃഷ്ണപിള്ള ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയത്.ജൂൺ 30ന് നടന്ന ആക്രമണത്തിൽ സുരേഷിനും സഹോദരി ഉമാദേവിക്കുമാണ് പരിക്കേ​റ്റത്.അക്രമം നടന്നയുടൻ സ്ഥലത്തെത്തിയ ചേർത്തല പൊലീസ് ഇൻസ്പെക്ടർ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ കൊലക്കേസ് പ്രതി ഉൾപ്പെടെ നാലുപേരെ സംഭവസ്ഥലത്ത് നിന്ന് പിടികൂടിയിരുന്നു.


ചേർത്തല പൊലീസ് രജിസ്​റ്റർ കേസിൽ ഒന്നാം പ്രതിയായ അഭിഭാഷകൻ നൽകിയ മുൻകൂർ ജാമ്യ ഹർജി ജൂലായ് 16ന് ജില്ലാ കോടതി തള്ളിയിരുന്നു.മുൻകൂർ ജാമ്യാപേക്ഷ തള്ളി ഒരു മാസം പിന്നിട്ടെങ്കിലും അഭിഭാഷകൻ പൊലീസ് തണലിൽ കഴിയുകയാണെന്ന് ആരോപണമുണ്ട്..
ചേർത്തല പൊലീസ് നടത്തിയിരുന്ന അന്വേഷണം ഡി.സി.ആർ.ബി ഡിവൈ.എസ്.പി വിദ്യാധരനും പിന്നീട് കോടതി ഇടപെടലിൽ സംസ്ഥാന ക്രൈംബ്രാഞ്ചിനും കൈമാറുകയായിരുന്നു. ഇതിനിടെ അഭിഭാഷകനുവേണ്ടി ക്വട്ടേഷൻ സംഘത്തെ ചേർത്തലയിൽ എത്തിച്ച ഇടനിലക്കാരനെയും പൊലീസ് പിടികൂടിയില്ല. ഇവർ പിടിയിലാകുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ചേർത്തല പോലീസിനെ അന്വേഷണത്തിൽ നിന്നൊഴിവാക്കിയതെന്നു വിമർശനമുയർന്നിരുന്നു.ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പരോളിൽ ഇറങ്ങിയ ഗുണ്ടാ നേതാവ് തൃശൂർ നെല്ലായി വയലൂർ കൈപ്പള്ളി ഭവനിൽ കുഞ്ചൻ എന്ന് വിളിക്കുന്ന രാഗേഷ്(43) ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്.ഇവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഡിവൈ.എസ്.പി കെ.എ.തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞദിവസം സംഭവ സ്ഥലം സന്ദർശിച്ച് സുരേഷിന്റെ സഹാേദരി ഉൾപ്പെടെയുള്ളവരുടെ മൊഴികൾ ശേഖരിച്ചു.ഇവരിൽ നിന്നും വിശദമായ മൊഴിയെടുപ്പ് നടത്തും.പൊലീസ് സയന്റിഫിക് സംഘം എത്തി ശാസ്ത്രീയ പരിശോധനയും നടത്തി.