അമ്പലപ്പുഴ: വാടയ്ക്കലിൽ കടലിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടയിൽ തിരമാലയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കരിയിൽ ആന്റണി -ലിസി ദമ്പതികളുടെ മകൻ അലന്റെ (17) മൃതദേഹമാണ് ഇന്നലെ ഉച്ചക്ക് രണ്ടോടെ വിയാനി കടപ്പുറത്ത് അടിഞ്ഞത്.സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ടാണ് അലനെ കാണാതായത്.തുടർന്ന് തീരദേശ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടേയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിവരികയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ .ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അലൻ. സഹോദരി: ആൻസി ( കന്യാസ്ത്രീ)