അമ്പലപ്പുഴ:ശബ്ദ കലയുടെ ആഭിമുഖ്യത്തിൽ സംഭരിച്ച ദിലീപ്, പ്രകാശ് കുടുംബസഹായ നിധി മന്ത്രി ജി.സുധാകരൻ വിതരണം ചെയ്തു. മാവേലിക്കര പൈനുംമൂട് ശാസ്താ ക്ഷേത്രത്തിന്റെ മുകളിൽ നിന്ന് ലൈറ്റ് വർക്ക് ചെയ്യുന്നതിനിടെ വീണു മരിച്ച ആലപ്പുഴ തിരുവാമ്പാടി സ്വദേശി പ്രകാശിന്റെ ഭാര്യ സന്ധ്യ പ്രകാശും മക്കളായ അപർണ്ണയും, അഹല്യയും ഒരു ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. പുന്നപ്ര അറവുകാട് ശ്രീദേവീക്ഷേത്രത്തിലെ പൂര മഹോത്സവത്തിനുശേഷം കേബിളുകൾ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച വയനാട് സ്വദേശി ദിലിപിന്റെ കുടുംബത്തിന് നൽകിയ ഒരു ലക്ഷത്തി അൻപതിനായിരം രൂപയുടെ ട്രസ്റ്റ് സഹോദരി കാവാലം തട്ടാശ്ശേരി എഴര ചിറ വീട്ടിൽ സന്ധ്യ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ശബ്ദ കല ചെയർമാൻ മധുപുന്നപ്ര ,ജനറൽ കൺവീനർ എം.കെ.മംഗളാനന്ദൻ, ട്രഷറർ എ.ജാഫർ, ജോയിന്റ് കൺവീനർ സർജു എന്നിവർ പങ്കെടുത്തു.