ആലപ്പുഴ : ദേശീയപാതക്കരികിലെ മത്സ്യവ്യാപാരം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി.
തിരുവനന്തപുരം മുതൽ അരൂർ വരെ ദേശീയപാതയിൽ നൂറിലേറെ കേന്ദ്രങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തും വിധം മത്സ്യവ്യാപാരം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ദേശീയപാതയുടെ ടാർ ഭാഗത്തേക്ക് കയറ്റി വെച്ചാണ് വ്യാപാരം നടത്തുന്നത്. ഇത് ഗുരുതരമായ ഗതാഗത ചട്ട ലംഘനമാണ്. മത്സ്യം വാങ്ങുന്നതിനായി ആളുകൾ ചുറ്റും കൂടുന്നതിനാൽ ഗതാഗത തടസ്സ മുണ്ടാകുന്നുണ്ട്. എല്ലാ മത്സ്യവ്യാപാരികളെയും ദേശീയപാതയിൽ നിന്നും ഒഴിവാക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ പൊലീസ് സഹായം തേടണം. ദേശീയപാതയിൽ നിന്നും മാറി സുരക്ഷിതമായ ഇടറോഡുകൾ ഉള്ള സ്ഥലങ്ങളിലേക്ക് മാറ്റി മത്സ്യ വ്യാപാരംനടത്തുന്നതിന് തയ്യാറാകണം. ഓണക്കാലമായതിനാൽ ദേശീയപാതയുടെ ക്യാരേജ് വേ ക്ക് പുറത്ത് നിശ്ചിത അകലത്തിൽ പഴം, പച്ചക്കറി വ്യാപരങ്ങൾ നടത്തുന്നത് ഇത്തവണ ഒഴിവാക്കുന്നില്ല. ഓണക്കാലം കഴിഞ്ഞാൽ അവരും ഒഴിയണമെന്നും മന്ത്രി അറിയിച്ചു.