thushar-vellappally

ചേർത്തല : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ നിർണായക ശക്തിയാകുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സ്വർണക്കടത്തു പോലുള്ള അഴിമതികൾ ഒളിച്ചു വയ്ക്കുന്നതിനു വേണ്ടിയുള്ള സൃഷ്ടിയാണു സെക്രട്ടേറിയ​റ്റിലെ തീപിടിത്തം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ പ്രതിഷേധിച്ച എൻ.ഡി.എ ചെയർമാൻ കൂടിയായ ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ അറസ്​റ്റ് ചെയ്തത് അപലപനീയമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയസാദ്ധ്യതയുള്ള സീ​റ്റുകൾ ലഭിക്കത്തക്കവിധം മുന്നണിയിൽ ധാരണയുണ്ടാക്കും. സംസ്ഥാനത്ത് ഇന്ന് എല്ലാ ഘടകങ്ങളും എൻ.ഡി.എയ്ക്ക് അനുകൂലമാണ്. ബൂത്ത്തലം മുതൽ മുന്നണി സംവിധാനം ശക്തമാക്കുന്നതിനായി ബി.ജെ.പി, ബി.ഡി.ജെ.എസ് സംയുക്ത പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും കൗൺസിൽ തീരുമാനിച്ചു. പാർട്ടിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് എല്ലാ ജില്ലകളിലേക്കും പുതിയ മേൽനോട്ട സമിതിയെയും തിരഞ്ഞെടുത്തു.
യോഗത്തിൽ കെ.പദ്മകുമാർ, വി.ഗോപകുമാർ,അനുരാഗ് കൊല്ലംങ്കോട്, അഡ്വ.സംഗീതാ വിശ്വനാഥൻ,കെ.കെ.ബിനു, സോമശേഖരൻ നായർ,തഴവാ സഹദേവൻ, ഉണ്ണികൃഷ്ണൻ ചാലക്കുടി, രാജേഷ് നെടുമങ്ങാട്,പച്ചയിൽ സന്ദീപ്, അനിരുദ്ധ് കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ട്രഷറർ എ.ജി.തങ്കപ്പൻ സ്വാഗതം പറഞ്ഞു.