മാവേലിക്കര:ചാരായം വാറ്റിക്കൊണ്ടിരുന്ന യുവാവ് എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.സംഭവത്തിൽ തട്ടാരമ്പലം മറ്റം വടക്ക് രാജേഷ് ഭവനത്തിൽ രാജേഷിനെതിരെ (37) കേസെടുത്തു. ഇയാളുടെ വീട്ടിൽ നിന്ന് 55 ലിറ്റർ ചാരായവും 400 ലിറ്റർ കോടയും പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് മാവേലിക്കര റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയോട് ചേർന്നുള്ള ബാത്റൂമിൽ വെച്ചാണ് ഇയാൾ ചാരായം വാറ്റികൊണ്ടിരുന്നത്. പരിശോധനയിൽ പ്രവന്റീവ് ഓഫീസർ ജെ.കൊച്ചു കോശി, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ബിജു, ജയകൃഷ്ണൻ, ബിയാസ് ബി എം, നവീൻ.ബി, രാഹുൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.