tv-r

 മെഡിക്കൽ ഓഫീസറും ജീവനക്കാരും ചേർന്ന് ഉപകരണമിറക്കി

തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ ലോറിയിൽ എത്തിച്ച ഉപകരണം ഇറക്കുന്നതിന് കയറ്റിയിറക്ക് തൊഴിലാളികൾ ആവശ്യപ്പെട്ട തുക നൽകാനില്ലാത്തതിനെത്തുടർന്ന് മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും ചേർന്ന് ലോറിയിൽ നിന്നും ഇറക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ 50 ലക്ഷം ചെലവിട്ട്സജ്ജീകരിക്കുന്ന ട്രൂ നാറ്റ് ലാബിൽ സ്ഥാപിക്കുന്നതിനുള്ള ഉപകരണം വാഹനത്തിൽ നിന്നും ഇറക്കുന്നതിനെ സംബന്ധിച്ചായിരുന്നു തൊഴിലാളികളുമായി തർക്കം ഉണ്ടായത്.ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിൽ നിന്നും ബുധനാഴ്ച വൈകിട്ടാണ് ലോറി ഉപകരണവുമായെത്തിയത്. 200 കിലോ ഭാരം വരുന്ന ബയോസേഫ്റ്റി ക്യാബിനറ്റ് എന്ന മെഡിക്കൽ ഉപകരണം ഇറക്കുന്നതിന് 16000 രൂപയാണ് സി.ഐ.ടി.യു നേതൃത്വത്തിലുള്ള കയറ്റിയിറക്ക് തൊഴിലാളികൾ ആവശ്യപ്പെട്ടതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മറ്റ് ആശുപത്രികളിൽ നാലായിരം രൂപയ്ക്ക് ഇറക്കിയ ഉപകരണം ഇറക്കുന്നതിനാണ് ഇവിടെ വൻതുക കൂലിയായി ചോദിച്ചത്. 9000 രൂപ വരെ നല്കാമെന്ന് അറിയിച്ചുവെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. തുടർന്ന് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളവർ ചേർന്ന് ഉപകരണം കവചിത വാഹനത്തിൽനിന്നും ഇറക്കി ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ എത്തിച്ചു.