s
ksrtc

 കുന്നുമ്മയ്ക്ക് ഇന്ന് ആദ്യ സർവ്വീസ്

ആലപ്പുഴ: ബോട്ട് സർവീസ് മാത്രം ആശ്രയമായിരുന്ന കുട്ടനാടൻ ഭാഗങ്ങളിലേക്ക് ഓണസമ്മാനമായി കെ.എസ്.ആർ.ടി.സി പുതിയ സർവീസുകൾ ആരംഭിക്കുന്നു. ആലപ്പുഴയിൽ നിന്നു കാവാലം വഴി കുന്നുമ്മയ്ക്കാണ് സർവീസിന് തുടക്കമാകുന്നത്. ഇന്ന് രാവിലെ 7.50നാണ് കുന്നുമ്മയ്ക്കുള്ള ആദ്യ സർവീസ്.

വൈകിട്ട് 5.30നും ഇതേ സർവീസുണ്ടാകും. മങ്കൊമ്പ് പാലം യാഥാർത്ഥ്യമായതോടെയാണ് പുത്തൻ റൂട്ടിലേക്ക് പ്രവേശിക്കാൻ സാഹചര്യമൊരുങ്ങിയത്. മങ്കൊമ്പ് പാലം കടന്ന് വെളിയനാട് വഴിയുള്ള ചങ്ങനാശേരി സർവീസും ഇന്നുമുതലുണ്ടാകും. രാവിലെ 7.20നും വൈകിട്ട് 4.20നുമാണ് ആലപ്പുഴയിൽ നിന്ന് വെളിയനാട് വഴിയുള്ള സർവീസ് ആരംഭിക്കുന്നത്. ഓണത്തിരക്ക് കണക്കിലെടുത്ത് ഇന്നലെ മുതൽ ഡിപ്പോകളിൽ നിന്ന് ദീർഘദൂര സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂർ, തൃശൂർ, തിരുവനന്തപുരം സർവീസുകളാണ് ആലപ്പുഴയിൽ നിന്ന് നടത്തുന്നത്. അവധി പ്രമാണിച്ച് നാട്ടിലേക്ക് പോകുന്നവർക്ക് ദീർഘദൂരസർവീസ് ഏറെ ഉപകാരപ്രദമായിട്ടുണ്ട്.

ഓണവിപണിയിൽ തിരക്കേറിയതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഓർഡിനറിയെക്കാളുപരി ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. നഗരത്തിലേക്കടക്കം സാധനങ്ങൾ വാങ്ങാൻ ആളുകളെത്തിത്തുടങ്ങിയതോടെ സ്വകാര്യ ബസുകളുടെയും ഓട്ടോറിക്ഷകളുടെയും 'നില' മെച്ചപ്പെട്ടിട്ടുണ്ട്.

................................

# പുതിയ സർവീസ് - സമയം

ആലപ്പുഴ- കാവാലം വഴി കുന്നുമ്മ

പുറപ്പെടുന്ന സമയം: രാവിലെ 7.50, വൈകിട്ട് 5.30

ആലപ്പുഴ- മങ്കൊമ്പ് പാലം, വെളിയനാട് വഴി ചങ്ങനാശേരി സർവീസ്

പുറപ്പെടുന്ന സമയം: രാവിലെ 7.20, വൈകിട്ട് 4.20

....................

ഓണം പ്രമാണിച്ച് സർവീസിൽ അല്പം പുരോഗതിയുണ്ട്. സെപ്തംബർ 3 വരെയുള്ള ദീർഘദൂര സർവീസിനും മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്

അശോക് കുമാർ, എ.ടി.ഒ