ആലപ്പുഴ: ഓണക്കാലത്തെ ആഘോഷങ്ങളിൽ ഒന്നായിരുന്നു പാരഡി ഗാനങ്ങളും ആക്ഷേപ ഹാസ്യങ്ങൾ നിറഞ്ഞ കാസെറ്റുകൾ.
ഓണത്തിനിടെ പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങി മലയാളിക്ക് മറക്കാനാവാത്ത പാരഡി കാസറ്റുകൾ ഇറങ്ങിയിരുന്നത് ഓണക്കാലത്തായിരുന്നു. സമകാലിക സംഭവങ്ങളെ കോർത്തിണക്കി 'മാവേലിയുടെ കൊറോണം' എന്ന പാരഡി ഗാനത്തിലൂടെ പഴയകാലത്തേക്കൊരു മടങ്ങിവരവിനുള്ള ശ്രമത്തിലാണ് കണ്ണനുണ്ണി കലാഭവനും വിനീത് എരമല്ലൂരും. കൊവിഡ് കാലത്തെ ജീവിതവും സ്വർണ്ണക്കടത്ത് കേസുകളും ഉൾപ്പെടെ കോർത്തിണക്കിയാണ് 'എല്ലാരും ചൊല്ലണ്' എന്ന ഗാനത്തിന്റെ പാരഡി രൂപത്തിൽ മാവേലിയുടെ കൊവിഡ് കാലത്തെ വരവ് രംഗത്തിറക്കിയിരിക്കുന്നത്.
സമ്പൂർണ്ണ ലോക്ക്ഡൗൺ കാലത്ത് 'എന്നെ വിളിക്കേണ്ട ചങ്ങാതി' എന്ന വൈറൽ പാരഡി ഗാനത്തിലൂടെ ശ്രദ്ധേയരായവരാണ് കണ്ണനുണ്ണി കലാഭവനും, വിനീത് എരമല്ലുരും. രചന കണ്ണനുണ്ണിയാണ്. വിനീത് എരമല്ലൂരിന്റേതാണ് ആലാപനം. കഴിഞ്ഞ 15 വർഷത്തോളമായി മിമിക്രി രംഗത്ത് സജീവമാണ് ഇരുവരും.