s

 തെരുവുകളിൽ തിരക്കേറുന്നു

ആലപ്പുഴ: നാടാകെ കൊവിഡ് ജാഗ്രതയിലാണെങ്കിലും ഓണത്തിരക്കിന് തെല്ലുമില്ല കുറവ്. പുത്തൻ കോടി വേണം, ഉപ്പേരിയും സദ്യവട്ടവും വേണം. തിരക്ക് നിയന്ത്രിക്കാൻ ഓണച്ചന്തകൾ ഓൺലൈനാക്കിയും ചന്തകളുടെ എണ്ണം വിപുലീകരിച്ചും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചും നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

തിരുവോണമുണ്ണാൻ കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ട്രെയിൻ, ബസ് സർവീസുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. അന്യ സംസ്ഥാനത്ത് നിന്നടക്കം ഓണമുണ്ണാനെത്തുന്നവർ ക്വാറന്റൈനിലിരുന്ന് ആഘോഷങ്ങളിൽ പങ്കാളിയാവണമെന്നതാണ് വെല്ലുവിളി. പൂക്കൾ എത്തിത്തുടങ്ങുന്നതോടെ പൂ വിപണിയിലും ഓണനാളുകളിൽ തിരക്കുകൂടും. വസ്ത്രവ്യാപാര ശാലകളിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഉപഭോക്താക്കളെ കടത്തിവിടുന്നത്. എന്നാൽ ചിലയിങ്ങളിൽ കാര്യങ്ങൾ കൈവിട്ട് പോകുന്ന കാഴ്ചയും കാണാം. കടകൾക്ക് പുറമേ, വഴിയോരത്തെ വസ്ത്ര - ഉപ്പേരി വ്യാപാരത്തിനും വലിയ ഡിമാൻഡാണ്. തൊഴിൽ നഷ്ടപ്പെട്ടതോടെ, ഓണവിപണി ലക്ഷ്യമിട്ട് വ്യാപാരികളായി മാറിയ ധാരാളംപേരുണ്ട്.

ഓണച്ചന്തകളിലടക്കം നീണ്ട ക്യൂവാണ് ദിവസങ്ങളായി കാണുന്നത്. കച്ചവടത്തിരക്ക് ഏറിയതോടെ പൊതുഗതാഗത സംവിധാനങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. നിയന്ത്രണങ്ങൾക്ക് വിധേയമായി മാർക്കറ്റുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മൺചട്ടി മുതൽ കുട്ട, മുറം അടക്കമുള്ള നാടൻ ഉത്പന്നങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. ഉപ്പേരിക്കടകളും സജീവമാണ്. ലൈവായി വറക്കുന്ന ഉപ്പേരി വാങ്ങാൻ ധാരാളം പേരെത്തുന്നുണ്ട്. മുൻകാലങ്ങളിൽ സജീവമായിരുന്ന ക്ലബ്ബുകൾ പലതും ഓണാഘോഷവും മത്സരങ്ങളും ഓൺലൈനാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വീട്ടിലിരുന്ന് മത്സരങ്ങളിൽ പങ്കെടുക്കുകയാണ് പലരും.

 മത്സരങ്ങൾ ഓൺലൈൻ

അത്തപ്പൂക്കളം, ഓണപ്പാട്ട്, നാടൻ പാട്ട്, നൃത്തം തുടങ്ങിയവയാണ് ഓൺലൈനായി സംഘടിപ്പിക്കുന്നത്. ഓണക്കാലത്ത് എത്താറുള്ള സഞ്ചാരികൾ ഇക്കുറിയില്ല. ഓണസദ്യയും, ആഘോഷങ്ങളും മാത്രം ലക്ഷ്യമിട്ട് കേരളത്തിലെത്തിയിരുന്ന സഞ്ചാരികളുണ്ട്. അവർക്കായി തൂശനിലയിൽ രണ്ടുതരം പായസവും പഴവും പപ്പടവും കൂട്ടിയുള്ള സദ്യയും, നാടൻ കലാരൂപങ്ങളായ കഥകളിയുടെയും, തിരുവാതിരയുടെയും അരങ്ങേറ്റങ്ങളും നടത്തുന്ന പതിവുണ്ടായിരുന്നു.

 'ജാഗ്രത' വേണം

തിരുവോണം, അവിട്ടം, ചതയം ദിനങ്ങളിൽ വിദേശ മദ്യവില്പന ശാലകൾ അവധി ആയതിനാൽ കരുതലിനായി മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്കാണ് മദ്യശാലകളിൽ. തിരുവോണ ദിവസം ബാറുകൾ പ്രവർത്തിക്കും. തൊട്ടടുത്ത ദിവസം ഒന്നാം തീയതി ആയതിനാൽ മദ്യമില്ല. പിറ്റേന്ന് ചതയവും അവധി. ഇന്നു മുതൽ തുടർച്ചയായ അഞ്ച് ദിവസം ബാങ്കുകളും പ്രവർത്തിക്കില്ല. അതിനാൽ എ.ടി.എമ്മുകൾ കാലിയാകും മുന്നേ പണം എടുക്കാനെത്തുവരുടെ തിരക്കുമുണ്ട്.

................................

കുട്ടികളെ കൊണ്ടുവരാൻ സാധിക്കാത്തതിനാൽ അവരുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രയാസമാണ്. അളവ് ശരിയല്ലെങ്കിൽ തിരിനൽകാനും പറ്റില്ല. കൊവിഡിനെ പേടിയുണ്ടെങ്കിലും ഷോപ്പിംഗ് നടത്താൻ തന്നെ തീരുമാനിച്ചു

സീമ, ഉപഭോക്താവ്