ആലപ്പുഴ: തുറവൂർ ആശുപത്രിയിൽ മെഷീൻ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങളെ തുടർന്ന് തുറവൂർ ലോഡിംഗ് ആൻഡ് അൺലോഡിംഗ് യൂണിറ്റ് കൺവീനർ എ.വിജയനെ സസ്‌പെൻഡ് ചെയ്തതായി സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അറിയിച്ചു.
ആശുപത്രി അധികാരികളുമായി തർക്കം ഉണ്ടായിട്ടില്ലെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായി. യന്ത്രം കൊണ്ടുവന്ന ഏജൻസിക്കാരും വാഹനത്തിന്റെ ഡ്രൈവറുമാണ് തൊഴിലാളികളോട് സംസാരിച്ചത്. ആശുപത്രി അധികൃതരുമായി തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും
കൊവിഡ് ടെസ്റ്റിന് വേണ്ടിയുള്ള യന്ത്രം കൂലി വാങ്ങാതെ സേവനമായി തൊഴിലാളികൾ തന്നെ ഇറക്കി നൽകേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നതിന് ഒരു നീതീകരണവുമില്ല. ഉത്തരവാദിത്വവും ജാഗ്രതയും പ്രകടിപ്പിക്കാതിരുന്നതിന്റെ പേരിലാണ് കൺവീനർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ, പ്രസിഡന്റ് എച്ച്.സലാം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.