 60 ജീവനക്കാർക്ക് കൊവിഡ്


ആലപ്പുഴ: ഡോക്ടർമാർ ഉൾപ്പെടെയുള്ള കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ഒന്നര മാസത്തിനിടെ മെഡി. ആശുപത്രിയിൽ മാത്രം 60 ആരോഗ്യ പ്രവർത്തകർക്കാണ് രോഗംസ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലുള്ള 140 പേർ ക്വാറന്റൈനിലായി. ഒറ്റയടിക്ക് 200 ജീവനക്കാരുടെ കുറവുണ്ടായതാണ് ആശുപത്രിയിടെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയത്.

ഈ നില തുടർന്നാൽ കൊവിഡ് ഇതര വിഭാഗങ്ങൾ അടച്ചിടേണ്ടിവരും. വെള്ളിയാഴ്ച മൂന്ന് ഡോക്ടർമാരും 17 സ്റ്റാഫ്‌ നഴ്‌സുമാരും ഉൾപ്പെടെ 29 ആരോഗ്യപ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രി ജീവനക്കാർക്ക് അനുദിനം സമ്പർക്കവ്യാപനം കൂടുന്ന സാഹചര്യത്തിൽ കീമോതെറാപ്പി, നേത്രരോഗ വിഭാഗങ്ങൾ അടച്ചു. ശ്വാസകോശ ചികിത്സാ വിഭാഗവും അടച്ചിടേണ്ട അവസ്ഥയാണ്.

 ഏറെയുണ്ട് അനാസ്ഥ

ആശുപത്രികളിലെ അനാസ്ഥയാണ് ജീവനക്കാർക്ക് കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കിയതെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരെ നിശ്ചിത ദിവസം നിരീക്ഷിക്കാതെ വീണ്ടും ഡ്യൂട്ടിക്ക് നിയമിക്കുന്നത് വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. തുടർന്ന് 14 ദിവസത്തിനു പകരം ഏഴ് ദിവസം അനുവദിച്ചു. മെഡിക്കൽ കോളേജ് കാമ്പസ് വളപ്പിലാണ് നിരീക്ഷണ മുറികൾ ഉള്ളത്. നാല് ജീവനക്കാർക്ക് ഒരു മുറി എന്ന നിലയിലാണ് അനുവദിച്ചിട്ടുള്ളത്.

പൊതുവാണ് ബാത്ത് റൂം സൗകര്യം. ആർക്കെങ്കിലും രോഗമുണ്ടെങ്കിൽ ഒപ്പമുള്ള എല്ലാവർക്കും ഉറപ്പ്.

 ര‌ോഗം വ്യാപിക്കും

ആംബുലൻസുകളുടെ ഉപയോഗരീതിയും സമ്പർക്കവ്യാപനം കൂടാൻ കാരണമാകുന്നുണ്ട്. ആശുപത്രിയിൽ ജോലിക്കു ശേഷം ജീവനക്കാരെ മെഡിക്കൽ കോളേജിലെ മുറികളിൽ എത്തിക്കുന്ന ആംബുലൻസിൽ തന്നെയാണ് കൊവിഡ് രോഗികളെ കൊണ്ടുപോകുന്നതും ഭക്ഷണം എത്തിക്കുന്നതും. രോഗികളുടെ സ്രവം, മൂത്രം എന്നിവ ആംബുലൻസിൽ വീണാൽ രോഗവ്യാപനത്തിന് കാരണമാകും. ഇങ്ങനെയുള്ള അവസരത്തിൽ ആംബുലൻസുകൾ കഴികി വൃത്തിയാക്കി അണുനശീകരണം നടത്തേണ്ടതുണ്ട്.

...........................................

രോഗം ബാധിച്ചവർ

 ഡോക്ടർമാർ-9  ഹെഡ്നഴ്സ്-2  സ്റ്റാഫ് നഴ്സ്-24  ഡയാലിസീസ് ടെക്നിഷ്യൻ-5  അറ്റൻഡർ,മറ്റ്ജീവനക്കാർ-20

..........................................

 വേണമെങ്കിൽ വഴിയുണ്ട്

ജില്ലയിലെ കൊവിഡ് ആശുപത്രിയായി ജനറൽ ആശുപത്രി മാറ്റണമെന്ന ആവശ്യം അധികൃതർ തള്ളിയതാണ് പ്രതിസന്ധിക്ക് കാരണം. ജനറൽ ആശുപത്രിയിൽ 800 പേർക്ക് കിടക്കാൻ കഴിയുന്ന കെട്ടിട സമുച്ചയമുണ്ട്. ഇവിടെ കൊവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിനും പ്രത്യേക സംവിധാനമൊരുക്കാൻ സാധിക്കും.