കൊവിഡ് ഭീതിയിലും കുറയാതെ ഓണത്തിരക്ക്
ആലപ്പുഴ: കൊവിഡ് ഭീഷണിയിലും ഓണത്തിരക്കിന് കുറവൊന്നുമില്ല. ഉത്രാടദിനമായ ഇന്ന് തിരക്ക് ഉച്ചസ്ഥായിയിലെത്തും. വസ്ത്രവ്യാപാര ശാലകളിലും പച്ചക്കറി കടകളിലും കഴിഞ്ഞ ഒരാഴ്ച്ചയായി കച്ചവടം പൊടിപൊടിക്കുകയാണ്. വിലക്കിഴിവും ഓഫറുകളും എത്തിയതോടെ ഗൃഹോപകരണശാലകളിലും ആളുകളെത്തുന്നുണ്ട്. അന്യ സംസ്ഥാനത്ത് നിന്ന് പൂക്കളെത്തിയതോടെ പൂ വിപണിയും ചെറിയ തോതിലെങ്കിലും ഉഷാറിലായിട്ടുണ്ട്. കൊവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ ആൾത്തിരക്കുണ്ടാവാതെ സൂക്ഷിക്കുന്നതിന് കർശന മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളുമായെത്തിയ ഉപഭോക്താക്കൾക്ക് പല കടകളിലും പ്രവേശനാനുമതി നൽകിയില്ല. വീടുകളിൽ ഗർഭിണികൾ, കുട്ടികൾ, കിടപ്പുരോഗികൾ എന്നിവരുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
നിർദേശങ്ങൾ
ഒരാൾ മാത്രം വീടിനുപുറത്തുപോകാൻ ശ്രദ്ധിക്കുക
പുറത്തുനിന്നും കൊണ്ടുവരുന്ന പായ്ക്കറ്റുകൾ കുട്ടികളെയോ പ്രായമായവരെയോ ഏൽപ്പിക്കരുത്
സുരക്ഷിതമാണെന്നുറപ്പാക്കിയതിനു ശേഷം ഉപയോഗിക്കാനെടുക്കുക
കിടപ്പുരോഗികളെ പരിചരിക്കുന്നവർ മാസ്ക് ധരിക്കണം
മരുന്നുകൾ മുടക്കംകൂടാതെ കൃത്യസമയത്ത് കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
പോഷക സമൃദ്ധമായ ആഹാരം കഴിക്കുക.
ശാരീരിക ബുദ്ധിമുട്ടുകളോ പനിയോ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം.
മുതിർന്നവർക്കും കുട്ടികൾക്കും ഉണ്ടാകുന്ന പനി, ജലദോഷം എന്നിവ നിസാരമായി കാണരുത്
സ്വയം ചികിത്സിക്കാതെ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുക.
രോഗബാധ ഒഴിവാക്കാൻ വീട്ടിൽ സന്ദർശകരെ അനുവദിക്കാതിരിക്കുക
വീടിനകത്തും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുക.
പുറത്തു പോയിവന്നാൽ ആദ്യം വസ്ത്രങ്ങൾ മാറ്റി കുളിക്കുക.
പുറത്തു പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക.
കൈകൾ അണുവിമുക്തമാക്കാൻ ഇടയ്ക്കിടെ സോപ്പോ സാനിട്ടൈസറോ ഉപയോഗിക്കുക