s

ആദ്യമായി​ ബോണസ് മുടങ്ങുന്നു

ആലപ്പുഴ: വർഷം തോറും ഓണനാളുകളിൽ തേടിവരാറുള്ള ബോണസ് ഇത്തവണ തുറമുഖ തൊഴിലാളികൾക്ക് ലഭിച്ചില്ല. കഴിഞ്ഞ ഓണത്തിന് 5000 രൂപ ബോണസ് ലഭിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് ഒരു അറിയിപ്പ് പോലും വന്നിട്ടില്ല. അടുത്ത ബുധനാഴ്ച്ച വരെ ബാങ്ക് അവധി ആയതിനാൽ ഓണത്തിന് മുമ്പ് ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. ലോഡിംഗ്, കപ്പലിൽ പോയി പണിയെടുക്കുന്നവർ, കപ്പൽ ചാലിൽ നിന്ന് കരയിലേക്ക് ചരക്ക് എത്തിക്കുന്നവർ എന്നിങ്ങനെ വിവിധ വിഭാഗം തൊഴിലാളികളാണ് തുറമുഖത്തെ ആശ്രയിച്ചിരുന്നത്. ആലപ്പുഴ തുറമുഖത്ത് അവസാനമായി കപ്പൽ നങ്കൂരമിട്ടത് 1989 ഒക്ടോബർ 11നാണ്. നൂറ് കണക്കിന് തൊഴിലാളികൾക്ക് അന്ന് മുതൽ ഉപജീവനം നഷ്ടപ്പെട്ടു. പിന്നീട് പല തൊഴിലുകളിലേക്ക് വഴിമാറിയ അവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. മറ്റ് ചിലർ കിടപ്പിലാണ്. ഇന്നും സർക്കാരിന്റെ കണക്ക് പുസ്തകത്തിൽ തങ്ങൾക്ക് ഇടമുണ്ടെന്ന് പഴയ തൊഴിലാളികളെയും കുടുംബത്തെയും ഓർമ്മപ്പെടുത്തുന്നത് മുടങ്ങാതെ ലഭിച്ചിരുന്ന ബോണസ് തുകയാണ്. എന്നാൽ ഈ വർഷം മുന്നൂറിലധികം വരുന്ന തൊഴിലാളികളെ സർക്കാർ മറന്ന മട്ടാണ്. 500 രൂപയായിരുന്ന ഓണം ബോണസ്, കഴിഞ്ഞ യു.ഡി..എഫ് സർക്കാരിന്റെ കാലത്താണ് പ്രതിവർഷം അഞ്ഞൂറ് രൂപ വർദ്ധനവ് നൽകി 4500 ലെത്തിച്ചത്. പിണറായി സർക്കാർ കയറിയ ആദ്യ വർഷം വീണ്ടും അഞ്ഞൂറ് രൂപ വർദ്ധിപ്പിച്ച് ബോണസ് 5000 രൂപയാക്കിയിരുന്നു. കഴിഞ്ഞ വർഷം വരെ മുടക്കമില്ലാതെ തുക ലഭിച്ചിരുന്നു. യന്ത്രവത്ക്കരണം വരുന്നതിനൊക്കെ മുമ്പ്, കപ്പലിൽ നിന്ന് ചരക്ക് കയറ്റിയിറക്കുന്ന ശ്രമകരമായ ജോലിയാണ് തൊഴിലാളികൾ ചെയ്തിരുന്നത്. കപ്പലിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന കയറിൽ തലച്ചുമടുമായി ബാലൻസ് ചെയ്ത് കയറുന്ന കാഴ്ച്ച ഇന്നും മനസിൽ മായാതെ നിൽക്കുന്നതായി പഴയ തലമുറക്കാർ പറയുന്നു.

വരുമോ, പുതിയ പാലം

എം.വി.രാഘവൻ തുറമുഖ മന്ത്രിയായിരുന്ന കാലയളവിലാണ് മറൈൻ കാർഗോ പദ്ധതിയിലുൾപ്പെടുത്തി കടൽപ്പാല പുനർനിർമ്മാണത്തിന് ആദ്യമായി അനുമതിയാകുന്നത്. പിന്നീട് കെ.ബാബു മന്ത്രിയായിരിക്കേ നവീകരണം വീണ്ടും ചർച്ചയായി, എസ്റ്റിമേററ് വരെ തയാറാക്കി. നിലവിൽ മന്ത്രി തോമസ് ഐസക്ക് വിഭാവനം ചെയ്യുന്ന ആലപ്പുഴ പൈതൃക പദ്ധതിയിലാണ് കടൽപ്പാല പുനർനിർമ്മാണം ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പാലം തുരുമ്പെടുത്ത് നശിക്കുന്നതിന് മുമ്പ്, കരയിൽ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരത്തുള്ള പാലത്തിന്റെ പടിഞ്ഞാറെ അറ്റത്ത് ആളുകൾ കുടുംബസമേതമെത്തുമായിരുന്നു. അതേ അനുഭവം വീണ്ടെടുക്കാനുള്ള ശ്രമമാണ് നടക്കേണ്ടത്. വരും തലമുറയെ ആലപ്പുഴയുടെ പൈതൃകം കാണിക്കാൻ, കടൽപ്പാലത്തിന് വീണ്ടും ജീവൻ നൽകിയേപറ്റൂ

എ.എ.ഷുക്കൂർ, മുൻ എം.എൽ.എ

വിവിധ വിഭാഗങ്ങളിലായാണ് തുറമുഖ തൊഴിലാളികൾ പ്രവർത്തിച്ചിരുന്നത്. പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഓണത്തിന് ലഭിക്കുന്ന ബോണസ് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്. ആദ്യമായാണ് ഓണം ബോണസ് മുടങ്ങുന്നത് .

എം.കൊച്ചുബാവ, സ്വതന്ത്ര തുറമുഖ തൊഴിലാളി യൂണിയൻ പ്രസിഡന്റ്

കഴിഞ്ഞവർഷം ലഭിച്ച ഓണം ബോണസ് - 5000 രൂപ

ബോണസ് ലഭിക്കുന്നത് - 300 ലധികം തൊഴിലാളി കുടുംബങ്ങൾക്ക്